
പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് അമരക്കാര്‍ 'ദൃശ്യം 3' ടീമിനൊപ്പം
ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പാന്‍- ഇന്ത്യന്‍ സിനിമാ ഏറ്റെടുക്കല്‍ മലയാളത്തില്‍നിന്ന്. ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ ലോകമെമ്പാടുമുള്ള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന, മോഹന്‍ലാല്‍ നായകനായെത്തുന്ന 'ദൃശ്യം 3' ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് 'ദൃശ്യം'. സമകാലിക സിനിമകളില്‍ ഏറ്റവും ആകര്‍ഷകവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളില്‍ ഒന്നായി ഇന്നും തുടരുന്നുണ്ട് 'ദൃശ്യം'. റെക്കോര്‍ഡ് ഭേദിച്ച ബോക്‌സ് ഓഫീസ് നാഴികക്കല്ലുകള്‍ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകള്‍ നേടിയിരുന്നവയുമാണ് 'ദൃശ്യം' റീമേക്കുകള്‍. പനോരമ സ്റ്റുഡിയോസ് നിര്‍മിച്ച ഹിന്ദി പതിപ്പായ അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' ഉള്‍പ്പെടെ വലിയ പ്രേക്ഷക പിന്തുണ നേടുകയുണ്ടായതാണ്.
ഏറ്റെടുക്കല്‍ ഏറെ വൈകാരികവും അതിപ്രാധാന്യവുമുള്ളതാണെന്ന് പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറഞ്ഞു, 'എനിക്ക് ദൃശ്യം ഒരു സിനിമയെന്നതിനേക്കാള്‍ അപ്പുറത്താണ്. ഇന്ത്യന്‍ സിനിമയ്ക്ക് ഇത് ഒരു സ്വയം പരിവര്‍ത്തന യാത്രയാണ്. യഥാര്‍ഥ മലയാള ഫ്രാഞ്ചൈസിയുടെ ലോകമെമ്പാടുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരവും വൈകാരികവുമായ നിമിഷമാണ്. ഞങ്ങളുടെ ആഗോളവിതരണ മേഖലയിലുള്ള ആധിപത്യം ഉപയോഗിച്ച്, 'ദൃശ്യം 3'-നെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളില്‍ ഒന്നാക്കി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.
ഏറ്റെടുക്കലില്‍ ഏറെ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പെന്‍ സ്റ്റുഡിയോസ് ഡയറക്ടര്‍ ഡോ. ജയന്തിലാല്‍ ഗഡ പറഞ്ഞു. 'ദൃശ്യം 3'-യിലൂടെ, അസാധാരണമായ ഇന്ത്യന്‍ കഥകളെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഞങ്ങള്‍ തുടരുന്നു. പനോരമ സ്റ്റുഡിയോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വിഷന്‍ ശക്തിപ്പെടുത്തുകയും സിനിമ യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്ന ആഗോള പ്ലാറ്റ്ഫോമില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോയും ഒന്നിക്കുന്നതോടെ, മലയാളത്തിന്റെ സ്വന്തം 'ദൃശ്യം 3' ഇപ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇത്രയും പിന്തുണയോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും 'ദൃശ്യം 3' മുന്നോട്ട് പോകുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ്', നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അഭിപ്രായപ്പെട്ടു.
'ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്റെ ചിന്തകളിലും, പ്രേക്ഷകരുടെ വികാരങ്ങളിലും, വരികള്‍ക്കിടയിലെ നിശബ്ദതയിലും എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിലേക്ക് മടങ്ങുന്നത് പുതിയ രഹസ്യങ്ങളുമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് പോലെയാണ്. അദ്ദേഹത്തിന്റെ അടുത്ത യാത്ര എവിടേക്ക് നയിക്കുന്നു എന്ന് പ്രേക്ഷകര്‍ കാണുന്നതില്‍ ഏറെ ആവേശത്തിലാണ്,' നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
'ദൃശ്യം പോലുള്ള കഥകള്‍ അവസാനിക്കുന്നില്ല, അവ വികസിച്ചുകൊണ്ടിരിക്കും. ഈ സംയുക്ത പങ്കാളിത്തം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ശരിയായ ചുവടുവയ്പ്പായി തോന്നുന്നു. ഈ കഥ ഒരു ആഗോള വേദിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഈ സഹകരണത്തോടെ, ജോര്‍ജുകുട്ടിയുടെ അടുത്ത നീക്കത്തിന് ലോകം ഒടുവില്‍ തയ്യാറായിക്കഴിഞ്ഞതായി തോന്നുന്നു,' സംവിധായകന്‍ ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സിനിമ വ്യവസായത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. മലയാള സിനിമയെ ദേശീയ തലത്തിലും ആഗോള തലത്തിലും എത്തിക്കാനുള്ള തങ്ങളുടെ ദൗത്യം ശക്തിപ്പെടുത്തുന്നതിനായി മലയാളത്തിലെ പ്രതിഭകളുമായും വളര്‍ന്നു വരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമായും സ്റ്റുഡിയോ സജീവമായി സഹകരിക്കുന്നതിന്റെ തുടക്കമാവുകയാണ് 'ദൃശ്യം 3'-യിലൂടെ. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Panorama Studios, PEN Studios acquire worldwide theatrical and digital rights for Mohanlal’s Malayalam film Drishyam 3
Published: 06 Dec 2025, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented