താ ഇതിലുണ്ട് ആ സിനിമയെക്കുറിച്ച് എനിക്ക് പറയാനുള്ളതെല്ലാം... ഡോ.ജെമി കുര്യാക്കോസിന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മണിച്ചിത്രത്താഴും ഓർമകളും എന്ന പുസ്തകം കൈമാറുമ്പോൾ ഫാസിൽ പറഞ്ഞു. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൈക്യാട്രി പഠിച്ച് ഇപ്പോൾ ജർമനിയിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ആയ മാറിയ ഡോ.ജെമി മലയാളത്തിലെ എണ്ണംപറഞ്ഞ ആ ക്ലാസിക്കിന്റെ സംവിധായകനെ കാണാനെത്തിയതായിരുന്നു.

To advertise here,

ഡോ.ജെമിയുടെ അതിശയകരമായ ജീവിതകഥ മാതൃഭൂമിയാണ് ലോകത്തെ അറിയിച്ചത്. അത് വായിച്ച മോഹൻലാൽ ജെമിയെ കാണാൻ താത്പര്യംപ്രകടിപ്പിച്ചിരുന്നു. ഇവരുടെ കൂടിക്കാഴ്ചയുടെ വാർത്തയും ജമിയെക്കുറിച്ച് ആദ്യം മാതൃഭൂമി നല്കിയ വാർത്തയുമൊക്കെ മണിച്ചിത്രത്താഴിന്റെ നിർമാതാവ് സ്വർ​ഗചിത്ര അപ്പച്ചനാണ് ഫാസിലിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് അദ്ദേഹവും ജെമിയെ കാണാനുള്ള താത്പര്യം അറിയിച്ചു. മോഹൻലാലിനെ കണ്ടതിന്റെ പിറ്റേന്ന് തന്നെ ജെമി എറണാകുളത്ത് വച്ച് ഫാസിലിനെയും കണ്ടു.

ഡോ.സണ്ണിയെ എങ്ങനെ രൂപപ്പെടുത്തിയെന്നും അതിനായി ആരെയെങ്കിലും മാതൃകയാക്കിയിരുന്നോ എന്നുമാണ് ജെമി അറിയേണ്ടിയിരുന്നത്. അങ്ങനെയാരുമില്ലായിരുന്നുവെന്ന് ഫാസിൽ പറഞ്ഞു.

ചിത്രത്തിലെ സൈക്യാട്രി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് അമേരിക്കയിലെ ഒരു ഡോക്ടർ സുഹൃത്തിനോടും സൈക്കോളജിസ്റ്റുകളോടുമൊക്കെ സംസാരിച്ചിരുന്നു. ചാത്തൻസേവ പ്രധാനവിഷയമായ കഥയിലാണ് ആദ്യം ആലോചനതുടങ്ങിയത്. പിന്നീടാണ് മാടമ്പള്ളിമനയിലെ നാ​ഗവല്ലിയിലേക്ക് എത്തിയത്. ​ഗം​ഗയിൽ രോ​ഗത്തിന്റെ വിത്തുകൾ എവിടെവച്ചാണ് വിതയ്ക്കപ്പെട്ടത് എന്നത് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ദീർഘമായ ആലോചകളും ചർച്ചകളും വേണ്ടിവന്നത്. ഒടുവിൽ മധുമുട്ടം എഴുതിയ ഒരു കവിതയിൽ നിന്ന് അതിനുള്ള കാരണം കണ്ടെത്തുകയായിരുന്നു-ഫാസിൽ പറഞ്ഞു. ഈ വിശദാംശങ്ങളെല്ലാം പുസ്തകത്തിലുണ്ടെന്നും ഫാസിൽ പറഞ്ഞു.

സംഭാഷണമധ്യേ ഫാസിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധുമുട്ടത്തെ ഫോണിൽ വിളിച്ചുകൊടുത്തു. മാവേലിക്കരയിൽ വച്ച് കാണാം എന്ന ഉറപ്പും മധു ജെമിക്ക് നൽകി.