മണിച്ചിത്രത്താഴ് മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോല്‍ തുറന്നു തന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. ആ മാസ്മരിക കഥയുടെ രചയിതാവ് മധു മുട്ടം എല്ലാ വെള്ളിവെളിച്ചങ്ങളില്‍ നിന്നും അകന്ന് ഇതാ ഇവിടെയുണ്ട്... മണിച്ചിത്രത്താഴ് എന്ന സിനിമ ഇറങ്ങി മൂന്നു പതിറ്റാണ്ടുനു ശേഷവും നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് വീണ്ടും തിയേറ്ററുകളില്‍ നിറയുമ്പോള്‍ തന്റേതായ സ്വകാര്യതയില്‍ ഒളിക്കുകയാണ് മധു മുട്ടം എന്ന തിരക്കഥാകൃത്ത്.
നാഗവല്ലി എന്ന തമിഴ് പെണ്‍കുട്ടി മലയാളിയുടെ മനസ്സിലേക്കു ചേക്കേറിയിട്ട് മുപ്പതു വര്‍ഷങ്ങള്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്ന്-മണിച്ചിത്രത്താഴ്. സിനിമ ഇറങ്ങി മുപ്പതു വര്‍ഷം പിന്നിടുമ്പോഴും ഇന്നും എല്ലാദിവസവും ആരെങ്കിലുമൊക്കെ എവിടെങ്കിലുമൊക്കെയിരുന്ന് ആ സിനിമ കാണുന്നു. കേരളത്തില്‍ ഉടനീളം ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച സിനിമ ആ വര്‍ഷം ദേശീയ പുരസ്‌കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളിലൂടെ അനായാസം സഞ്ചരിച്ച ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും 'മണിച്ചിത്രത്താഴ്' പുറത്തിറങ്ങി. തമിഴില്‍ ചന്ദ്രമുഖി എന്ന പേരില്‍് ഇറങ്ങിയ സിനിമ തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ ആയിരം ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു. മാടമ്പള്ളി മേടയുടെ അകത്തളങ്ങളില്‍ നിന്നു തുടങ്ങുന്ന ദൃശ്യചാരുത. ആ സൈക്കോ ത്രില്ലര്‍ ചലച്ചിത്രം ഇന്നും ചര്‍ച്ചയാകുമ്പോള്‍ അതിനൊന്നും ചെവികൊടുക്കാതെ ഹരിപ്പാട് മുട്ടത്ത് തെരുവില്‍ തെക്കേതിലെ ഇരട്ടമുറിവീട്ടിലുണ്ട് സിനിമയുടെ രചയിതാവ് മധു മുട്ടം. നാഗവല്ലിയേയും നകുലനേയും ഡോ.സണ്ണിയേയുമൊക്കെ നമ്മുടെ അയല്‍ക്കാരാക്കിയ മണിച്ചിത്രത്താഴിന്റെ സ്രഷ്ടാവ്. വീടിന്റെ ഉമ്മറത്തിണ്ണയില്‍ അതിഥികള്‍ക്ക് പനംകല്‍ക്കണ്ടം പങ്കുവെച്ചും കൂട്ടുകാരോടു സൊറ പറഞ്ഞും മധു മുട്ടം ഇരിക്കുന്നു.
ഏകാന്തപഥികന്‍
സിനിമയുടെ വെള്ളിവെളിച്ചം ഒരിക്കലും തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്നു പറയുന്ന മധു മുട്ടം ഷൂട്ടിങ് ലൊക്കേഷനില്‍ വളരെകുറച്ചു മാത്രംപോകുന്ന തിരക്കഥാകൃത്താണ്. ജനിക്കുമ്പോള്‍ മരിക്കുന്ന പ്രതിഭാസമാണ് സിനിമ. അതിനു ജീവന്‍ കൊടുക്കുന്നതു നാടകവും സാഹിത്യവുമാണെന്നു പറയുന്ന മധുവിന് താനൊരിക്കലും ഒരു കഥാകൃത്താണെന്ന അവകാശവാദവുമില്ല. 'ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല. ഏകാന്തതയിലെ സന്തോഷത്തിനായി എന്തെല്ലാമോ എഴുതുന്നു. ഞാനെഴുതിയതില്‍ ചിലതു സിനിമയ്ക്ക് സാധ്യത ഉള്ളതാണെന്നു തോന്നിയപ്പോള്‍ പലരും ആ കഥകളുപയോഗിച്ചു.. അത് സിനിമയായപ്പോള്‍ ചര്‍ച്ചാവിഷയമായെന്നു മാത്രം... മധു മുട്ടം പറയുന്നു.
അക്ഷരങ്ങള്‍ മാത്രമാണ് എനിക്കു കൂട്ട്. പക്ഷേ, എഴുതാന്‍ ഞാന്‍ മടിയനാണ്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എഴുതും. അതാണ് രീതി. എനിക്കു തോന്നുന്ന ആശയങ്ങള്‍ കുത്തികുറിക്കുക മാത്രമാണു ചെയ്യുന്നത്. ആ എന്നെ എഴുത്തുകാരന്‍ എന്നു വിളിക്കുന്നത് നീതിയും ഉചിതവുമല്ല. കാല്‍നൂറ്റാണ്ടിനു ശേഷവും മണിച്ചിത്രത്താഴ് എന്ന സിനിമ ആളുകള്‍ ഇപ്പോഴും ഓര്‍മിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്. സിനിമ എനിക്കുള്ളതല്ല, ഞാന്‍ സിനിമയ്ക്കുള്ളതുമല്ല. പ്രതിഭാധനരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്കുള്ളതാണ് സിനിമ. അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങിക്കഴിയുന്ന എനിക്ക് സിനിമയോട് ആസക്തിയില്ല.
സിനിമയിലേക്ക്
സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നുവെന്നു പറയുന്നു മധു മുട്ടം. എന്റെ ചില എഴുത്തുകുത്തുകള്‍ ഒരു സുഹൃത്ത് ഒരു നോവലെറ്റാക്കി പ്രസിദ്ധീകരിച്ചു. സംവിധായകന്‍ ഫാസിലിന്റെ അയല്‍ വാസിയായിരുന്ന അധ്യാപിക ജയാ നായര്‍ അതിനെ പറ്റി ഫാസിലിനോട് സംസാരിച്ചു. അതായിരുന്നു വഴിത്തിരിവ്. എന്റെ ആദ്യസിനിമയായ എന്നെന്നും കണ്ണേട്ടന്റെ പിറവി അങ്ങനെയാണ്. 1986 ലായിരുന്നു അത്. വര്‍ഷം 16 എന്ന പേരില്‍ അത് തമിഴിലും ഇറങ്ങി. പിന്നീട് 1988ല്‍ കമലിന്റെ സംവിധാനത്തില്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി, 1993ല്‍ മണിച്ചിത്രത്താഴ്, 2007 ല്‍ ഭരതന്‍ ഇഫക്റ്റ്, 2011ല്‍ കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു.
ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച്
നമ്മളെല്ലാവരും ഒറ്റയ്ക്കു തന്നെയല്ലേ. സഹോദരങ്ങളില്ല. വിവാഹം കഴിക്കാത്തതിനാല്‍ ബന്ധങ്ങളുടെ ഭാരവുമില്ല. എന്റെ അമ്മ, എന്റെ അച്ഛന്‍, എന്റെ വീട്, എന്റെ വണ്ടി, എന്നൊക്കെ പറയാറില്ലേ... പക്ഷേ 'എന്റെ ഞാന്‍ എന്ന് പറയാറുണ്ടോ? ഇല്ലല്ലോ. അതിനര്‍ത്ഥം ഞാന്‍ എനിക്കു സ്വന്തമല്ല എന്നല്ലേ? നമ്മള്‍ അസത്യങ്ങളുടെ ലോകത്തല്ലേ ജീവിക്കുന്നത്. സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. സൂര്യന്‍ ഒരിടത്തു തന്നെ നില്‍ക്കുകയും, ഭൂമി സൂര്യനെ വലം വയ്ക്കുകയുമാണു ചെയ്യുന്നത്. ഇത് എല്ലാവര്‍ക്കുമറിയാം. എങ്കിലും സൂര്യന്‍ ദിവസവും ഉദിക്കുന്നെന്നു വിശ്വസിക്കാനാണു പലര്‍ക്കും ഇഷ്ടം. അതാണ് സത്യവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം.

കോടതി കയറിയ തിരക്കഥാകൃത്ത്
1993 ഡിസംബര്‍ 25നാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടി രൂപയാണ്. ഒരു ചാനല്‍ വര്‍ഷത്തില്‍ 12 തവണ ആ സിനിമ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും പരമാവധി ടി.ആര്‍.പി റേറ്റിങ്. എന്നാല്‍ സ്വന്തം കഥയുടെ അവകാശത്തിനുവേണ്ടി സുപ്രിംകോടതി വരെ കയറിയിറങ്ങി പണമില്ലാതെ തോല്‍വി സമ്മതിക്കേണ്ടി വന്ന അനുഭവമാണ് മധു മുട്ടത്തിനുള്ളത്. 'മണിച്ചിത്രത്താഴി'ന്റെ ചിത്രീകരണത്തിനുശേഷം തിരക്കഥ അന്യഭാഷകളില്‍ അവതരിപ്പിക്കാന്‍ ഞാന്‍ സംവിധായകന്‍ ഫാസിലിനു മാത്രമാണ് അനുമതി നല്‍കിയത്. എന്നാല്‍ മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ സംവിധാനം ചെയ്തത് പി. വാസുവാണ്. സിനിമ തിയേറ്ററിലെത്തിയപ്പോഴാണ് അക്കാര്യം ഞാന്‍ അറിയുന്നത്. എന്റെ പേരിന്റെ സ്ഥാനത്ത് സംവിധായകന്റെ പേരാണു കണ്ടത്. ഇതിനെതിരെയാണ് ഞാന്‍ കോടതിയില്‍ പോയത്. കഥാവകാശം നിര്‍മാതാവ് വന്‍ തുകയ്ക്കു വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അതിന്റെ ഒരു വിഹിതവും എനിക്കു ലഭിച്ചില്ല. പണത്തിനു വേണ്ടിയല്ല, കോപ്പിറൈറ്റിനുള്ള അവകാശത്തിനുവേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. എല്ലാ അവകാശവും നിര്‍മാതാവിന് എഴുതിക്കൊടുക്കുന്നതാണ് സിനിമാരംഗത്തെ രീതി. എന്നാല്‍ എന്റെ കുഞ്ഞിന്റെ അവകാശം എനിക്കില്ലാതാകുമെന്നു വിശ്വസിച്ചില്ല. സ്വന്തം കുഞ്ഞ് ഉയരങ്ങളില്‍ എത്തുന്നത് സന്തോഷവും അഭിമാനവുമാണ്. എന്നാല്‍ അച്ഛന്റെ പേരുമാറ്റുന്നത് സങ്കടകരമല്ലേ. ഞാന്‍ പോരാടിയത് മുഴുവന്‍ എഴുത്തുകാര്‍ക്കും വേണ്ടിയാണ്. കോപ്പിറൈറ്റ് എഴുത്തുകാരന്റേതാണെന്നു വാദിച്ച് സുപ്രിംകോടതി വരെ പോയി. അപ്പോഴാണ് പണമുണ്ടെങ്കിലേ നീതിക്കുവേണ്ടി പോകാനും കഴിയൂ എന്ന് മനസ്സിലായത്. പണമില്ലാത്തതുകൊണ്ടും ആരും സഹായിക്കാനില്ലാത്തതുകൊണ്ടും കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല.'
മണിച്ചിത്രത്താഴിനുണ്ടോ രണ്ടാംഭാഗം
'മണിച്ചിത്രത്താഴിന്റെ വിജയത്തിനുശേഷം ഒരു പാട് നിര്‍മാതാക്കള്‍ കഥയാവശ്യപ്പെട്ടു വന്നിരുന്നു. എല്ലാവരേയും എനിക്കു കയ്യൊഴിയേണ്ടിവന്നു. ഒരു മുഴുവന്‍സമയ സിനിമാ തിരക്കഥാകൃത്താകാന്‍ എനിക്ക് കഴിയില്ല എന്നതായിരുന്നു കാരണം. സിനിമ കൊണ്ടു ജീവിക്കാം എന്നൊരു തീരുമാനമൊന്നും ഞാനെടുത്തിട്ടില്ല. എല്ലാം ഇങ്ങനെ സംഭവിക്കുമെന്നും കരുതിയതല്ല.സിനിമ വന്‍വിജയമായെന്നു കരുതി ഞാനൊരു വലിയ സംഭവമാണ് ചെയ്തത് എന്നൊന്നും എനിക്കു തോന്നിയിട്ടില്ല. മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാക്കാമോ എന്ന് പലരും ചോദിച്ചു. എനിക്കതിനു കഴിയില്ല. ആ കഥ അവിടെ തീര്‍ന്നു.
മൂന്നാലു തിരക്കഥകള്‍ കൈവശമുണ്ട്. അതിലൊന്ന് സിബി മലയിലിനുവേണ്ടിയുള്ളതാണ്. അത് എന്ന് തുടങ്ങാനാകും എന്നറിയില്ല. പുതിയ ഒന്നിനെക്കുറിച്ച് ഉടനെ ആലോചിക്കുന്നില്ല. പലരും മോഹിച്ച ഒരു കഥയുടെ തിരക്കഥ പല പ്രാവശ്യം മാറ്റി എഴുതി. 'ദുലാരി ഹര്‍ഷന്‍' എന്നു പേരിട്ട ഈ സിനിമ മുമ്പേതന്നെ മോഹന്‍ലാല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചതാണ്. പല കാരണങ്ങളാല്‍ അത് സിനിമയായില്ല. പിന്നെ പലരും വന്നു. എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ പ്രോജക്ട് മുന്നോട്ടുപോയില്ല.'

മാടമ്പള്ളിമേടയും ആലുംമൂട്ടില്‍മേടയും
മണിച്ചിത്രത്താഴ് സിനിമ കണ്ടവര്‍ക്കു മാടമ്പള്ളി മേട മറക്കാനാവില്ല. അത് ഒരു സാങ്കല്‍പ്പിക കെട്ടിടമല്ല. ശരിയായ പേര് ആലുംമൂട്ടില്‍ മേട എന്നാണ്. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു സംഭവത്തിന്റെ സ്വാധീനമാണ് മധു മുട്ടത്തിനു മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് വഴിയൊരുക്കിയത്. അമ്മയുടെ മുന്‍തലമുറയ്ക്ക് ഈ മേടയുമായി ബന്ധമുണ്ടായിരുന്നു. ചരിത്രവും മിത്തുകളും ഇടകലര്‍ന്നു കിടക്കുന്ന ആലുമ്മൂട്ടില്‍മേട ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റൂട്ടില്‍ മുട്ടത്താണ്. അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തിലെ കുടുംബത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ചാന്നാന്‍ സ്ഥാനം നല്കി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുംമൂട്ടില്‍മേട. മേടയില്‍ പുരുഷന്മാരും എട്ടുകെട്ടില്‍ സ്ത്രീകളുമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് 'ആലുമ്മൂട്ടില്‍ ചാന്നാന്‍' എന്ന മേടയിലെ കാരണവരും അവിടുത്തെ ജോലിക്കാരി പെണ്‍കുട്ടിയും ക്രൂരമായി കൊലചെയ്യപ്പെട്ടത്. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കള്‍ക്കു ലഭിക്കേണ്ട സ്വത്ത് കാരണവര്‍ മക്കള്‍ക്ക് എഴുതി നല്‍കി എന്നൊരു വാര്‍ത്ത പരന്നു. ഇതറിഞ്ഞ മരുമക്കള്‍ മേടയിലെത്തി ചാന്നാനെ വെട്ടിക്കൊലപ്പെടുത്തി. നിലവറ തുറന്നു പണ്ടവും പണവുമെല്ലാം കൈക്കലാക്കി. കൊലപാതകത്തിനു ദൃക്സാക്ഷിയായ പെണ്‍കുട്ടിയെയും അവര്‍ കൊലപ്പെടുത്തി. ആലുമ്മൂട്ടില്‍ മേട ഈ കൊലപാതകങ്ങള്‍ക്കുശേഷം ഭയപ്പെടുത്തുന്ന കഥകളുടെ പ്രചാരകേന്ദ്രമായി. അതൊക്കെ കേട്ടാണ് വളര്‍ന്നത്. ആ അന്തരീക്ഷം സങ്കല്പ്പങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
ഭാഷാന്തരങ്ങള്‍ കടന്ന സിനിമ
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഇതിവൃത്തം മലയാളിക്കു മാത്രമല്ല, തമിഴിനും തെലുങ്കിനും കന്നഡയ്ക്കും ഹിന്ദിക്കുമെല്ലാം പുതുമയുള്ളതായിരുന്നു. തമിഴിലും കന്നഡയിലും ഇതിന്റെ രണ്ടാം ഭാഗവും വന്നുകഴിഞ്ഞു. കന്നഡയില്‍ ആപ്തമിത്രന്‍ എന്ന പേരിലും തമിഴില്‍ ചന്ദ്രമുഖി-2 എന്ന പേരിലും. തമിഴില്‍ ലോറന്‍സായിരുന്നു നായകന്‍. 2005ല്‍ തമിഴില്‍ സിനിമ റീമേക്ക് ചെയ്ത സംവിധായകന്‍ പി.വാസുവാണ് 2004 ല്‍ കന്നഡയിലും സിനിമയെടുത്തത്. പി.വാസു തന്നെയാണ് രണ്ടാംഭാഗവും ഇറക്കിയത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ മികച്ച സംവിധായകനായ പി.വാസു തൃശ്ശൂര്‍ ഇരിങ്ങാലക്കുടക്കാരനാണ്. തമിഴ്സിനിമ മൊഴിമാറ്റം ചെയ്ത് തെലുങ്കിലും വിജയം കൊയ്തു. ഹിന്ദിയില്‍ പ്രിയദര്‍ശനായിരുന്നു ഊഴം. തമിഴില്‍ മോഹന്‍ലാലിന്റെ വേഷം രജനീകാന്ത് ചെയ്തപ്പോള്‍ കന്നഡയില്‍ വിഷ്ണുവര്‍ധനും ഹിന്ദിയില്‍ അക്ഷയ്കുമാറുമായിരുന്നു നായകന്മാര്‍. മാടമ്പള്ളി മേട തമിഴിലെത്തിയപ്പോള്‍ വേട്ടയാര്‍പുരം കൊട്ടാരവും കന്നഡയില്‍ നാഗവല്ലിമനയും ഹിന്ദിയില്‍ ഹവേലിയുമായി രൂപാന്തരപ്പെട്ടു. ചെന്നൈയിലെ ശാന്തി തിയേറ്ററില്‍ ചന്ദ്രമുഖി ആയിരം ദിവസം ഓടി.
മണിച്ചിത്രത്താഴ് കന്നടയിലും തമിഴിലും തെലുങ്കിലും ചെയ്തതിനെക്കുറിച്ച് പി.വാസു പറയുന്നത് ഇങ്ങനെയാണ്. 'മണിച്ചിത്രത്താഴ് സിനിമയാക്കാന്‍ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ താന്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ മകള്‍ അഭിരാമി ബാത്ത്റൂമിന്റെ വാതിലില്‍ മുട്ടി. ആരാത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി. നാന്‍ താന്‍ നാഗവല്ലി എന്നായിരുന്നു. മണിച്ചിത്രത്താഴിലെ ശോഭനയുടെ ഡയലോഗാണത്. ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍ പോലും ആ ഡയലോഗ് വലിയ സ്വാധീനം ഉണ്ടാക്കി എന്ന് എനിക്കു മനസ്സിലായി. അതൊരു ധൈര്യം തന്നു. പക്ഷേ, മണിച്ചിത്രത്താഴ് കഥ അതുപോലെ പറഞ്ഞാല്‍ തമിഴിലും കന്നടയിലും ഒന്നും ഏല്‍ക്കില്ല. കാരണം നായക ആരാധന ഉള്ളവരാണവര്‍. സിനിമയില്‍ അവര്‍ക്ക് ആദ്യം മുതല്‍ തന്നെ നായകനുണ്ടാവണം. മലയാളത്തില്‍ സിനിമ പകുതിയിലെത്തുമ്പോഴാണ് നായകനായ മോഹന്‍ലാല്‍ കടന്നുവരുന്നത്. അതുകൊണ്ടു തന്നെ മൂലകഥയില്‍ മാറ്റം വരുത്തി. ആദ്യം കഥ പറഞ്ഞു കേള്‍പ്പിച്ചത് കന്നടനടന്‍ വിഷ്ണുവര്‍ദ്ധനനെയാണ്. കഥ വിഷ്ണുവര്‍ദ്ധന് ഏറെ ഇഷ്ടമായി. അങ്ങനെയാണ് മണിച്ചിത്രത്താഴ് ആപ്തമിത്ര എന്നപേരില്‍ കന്നഡയില്‍ എടുക്കുന്നതും പടം ഹിറ്റാകുന്നതും.' ആപ്തമിത്ര 'രജനീകാന്തിനെ അത്ഭുതപ്പെടുത്തി. പി.വാസു തന്നെ തമിഴില്‍ സംവിധാനം ചെയ്താല്‍ നന്നാകുമെന്ന് രജനിക്ക് തോന്നി. പ്രഭുവിന്റെ ശിവാജി പ്രൊഡക്ഷന്‍സ് നിര്‍മാണം ഏറ്റെടുത്തു. ആപ്തമിത്രയില്‍ നിന്ന് ചിലമാറ്റങ്ങളും വരുത്തി. പടം സൂപ്പര്‍ഹിറ്റ്. തെലുങ്കില്‍ മൊഴിമാറ്റം നടത്തിയപ്പോഴും ഹിറ്റ്. രണ്ടാം ഭാഗവും ഹിറ്റായിരുന്നു. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും പി.വാസു തന്നെയായിരുന്നു.
Key Points:
- Madhu Muttam, the creator of the iconic Malayalam film `Manichitrathazhu,` remains elusive despite the film`s enduring popularity.
- The film, a psychological thriller, was a massive hit and continues to be enjoyed by audiences even after three decades.
- Madhu Muttam prefers a secluded life and doesn`t consider himself a screenwriter, emphasizing his love for writing as a solitary pursuit.
- The film`s success led to a legal battle over copyright, highlighting the challenges faced by writers in the film industry.
- Manichitrathazhu` was remade in Tamil, Telugu, Kannada, and Hindi, with variations in plot and character portrayals.
Content Highlights: manichitrathazhu, madhu muttam, malayalam cinema, indian cinema, thriller, mystery, film, movie, scr
Published: 31 Aug 2024, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented