ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ സംവിധായകൻ രഞ്ജിത് നടത്തിയ ശ്രമത്തിൽ കൂടുതൽ അന്വേഷണം. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവനിൽ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചെന്നാണ് സംശയം.

To advertise here,

അറസ്റ്റ് മുൻകൂട്ടിക്കണ്ട് രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. രണ്ട് അവധി ദിവസങ്ങളാണ് വരുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിലേക്ക് പോയിക്കഴിഞ്ഞാൽ വേഗത്തിൽ ജാമ്യം കിട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാണ്. അക്കാരണത്താൽ അറസ്റ്റിൽനിന്ന് ഒഴിവാകുന്നതിനായുള്ള നീക്കം രഞ്ജിത് നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. രക്ഷപ്പെടാൻ രഞ്ജിത്തിനെ ആരോ സഹായിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടൻ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയേയും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.

സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായൻ രഞ്ജിത്ത് റിമാൻഡിലാണിപ്പോൾ. ജനുവരി 19-നാണ് സംഭവം. തൊടുപുഴയിൽനിന്ന് ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റുചെയ്ത രഞ്ജിത്തിനെ ബുധനാഴ്ച എട്ടരയോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽ. ഉഷയ്ക്കുമുൻപാകെ വീട്ടിൽ ഹാജരാക്കി. പ്രതി സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നൽകരുതെന്നുമുള്ള പോലീസിന്റെ വാദത്തെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

എറണാകുളം സബ്ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പീഡനപരാതി വ്യാജമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശാരീരിക അവശതകളുണ്ടെന്നും പറഞ്ഞ് രഞ്ജിത്ത് ജാമ്യാപേക്ഷ നൽ‍കി. ശനിയാഴ്ച പരിഗണിക്കും. കള്ളക്കേസാണെന്നും വ്യാജപരാതിയാണെന്നുമായിരുന്നു അറസ്റ്റിനുശേഷമുള്ള രഞ്ജിത്തിന്റെ പ്രതികരണം. അറസ്റ്റിനെത്തുടർന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനിൽനിന്നും റൈറ്റേഴ്‌സ് യൂണിയനിൽനിന്നും പുറത്താക്കിയിട്ടുണ്ട്.