ജീവിതത്തില്‍ കടന്നുപോകുന്ന വ്യക്തികള്‍ സിനിമകള്‍ക്ക് പലപ്പോഴും പ്രചോദനമായിട്ടുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ ആദ്യകാല ഹിറ്റായ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം അമ്മ തന്നോട് മിണ്ടാതിരുന്നുവെന്നും വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ പരിഭവം പറഞ്ഞുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. 

പ്രിയദര്‍ശന്റെ വാക്കുകള്‍

ഹ്യൂമര്‍ എനിക്കിഷ്ടമാണ്. ചാര്‍ലി ചാപ്ലിന്‍, മിക്ക് മൗസ്, ടോം ആന്റ് ജെറി ഇതെല്ലാം.. ഇപ്പോഴും ഞാന്‍ ടോം ആന്റ് ജെറി കാണാറുണ്ട്. ബുദ്ധി പുറത്ത് വച്ച് എന്റെ സിനിമകള്‍ കാണാന്‍ വന്നാല്‍ മതിയെന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയ്ക്ക് പ്രചോദനമായത് ചാള്‍സ് ഡിക്കന്‍സിന്റെ സ്‌ട്രെയിഞ്ച് ജെന്റില്‍മാന്‍ എന്ന നാടകമാണ്. അത് ഞാന്‍ ഓള്‍ ഇന്ത്യ റേഡിയോക്ക് വേണ്ടി ഒരിക്കല്‍ ചെയ്തിരുന്നു. പപ്പുവേട്ടന്റെ കഥാപാത്രം അതില്‍ നിന്നാണ് വരുന്നത്. 

ആ സിനിമയ്ക്ക് പീന്നീട് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ വഴക്കിടാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നാളെ രാവിലെ ഇവര്‍ സംസാരിക്കുകയില്ല എന്ന് നമുക്ക് തോന്നും. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ച് നടക്കുന്നത് കാണാം. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടമാണ്. രാത്രി 10 മണിക്ക് അച്ഛന്‍ പാട്ട് വയ്ക്കും. അമ്മയ്ക്കാണെങ്കില്‍ അപ്പോള്‍ ദേഷ്യവരും. കാരണം അമ്മയ്ക്ക് രാവിലെ നേരത്തേ എണീറ്റാല്‍ ഒരുപാട് ജോലികളുണ്ട്. ഈ കരച്ചില്‍ ഒന്നു നിര്‍ത്താമോ എന്ന് ചോദിച്ച് അമ്മ ദേഷ്യപ്പെടും. സുകുമാരി ചേച്ചിയുടെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ അവരില്‍ നിന്ന് പിറവിയെടുത്തതാണ്. പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ എന്നോട് മിണ്ടിയില്ല. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി. 

അമ്മ മരിച്ച് കൃത്യം മുപ്പതാം ദിവസം അച്ഛന്‍ മരിച്ചു. അതിന് ശേഷമാണ് അവരുടെ ആത്മബന്ധം ഞാന്‍ തിരിച്ചറിയുന്നത്. ആ വഴക്ക് ഇല്ലാതായപ്പോള്‍ അച്ഛന്‍ പോയി. 

എന്റെ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് എടുത്തതാണ്. കിലുക്കത്തിലെ ജഗതിയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ സുഹൃത്താണ്- പ്രിയദര്‍ശന്‍ പറഞ്ഞു. 

Content Highlights: Director Priyadarshan talks about Poochakkoru Mookkuthi