മമ്മൂട്ടി ചിത്രം 'സ്റ്റാലിൻ ശിവദാസി'നെക്കുറിച്ച് നടനും ചിത്രത്തിന്റെ നിർമാതാവുമായ പി. ദിനേശ് പണിക്കർ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. ചിത്രം വിജയിച്ചില്ലെങ്കിലും തനിക്ക് പൊൻകുഞ്ഞ് തന്നെയാണെന്നായിരുന്നു ദിനേശ് പണിക്കരുടെ കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ, പോസ്റ്റിന് താഴെ വന്നൊരു കമന്റ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

To advertise here,

'പടം ഫ്‌ളോപ്പ് ആയിരുന്നില്ല, നിർമാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു', എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ ചിത്രത്തിന്റെ നിർമാതാവ് തന്നെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്ന് ഓർമപ്പെടുത്തി മറ്റുള്ളവരെത്തി. കമന്റിന് മറുപടിയുമായി ദിനേശ് പണിക്കരും പിന്നീട് രംഗത്തെത്തി.

താങ്കളോട് ഇതാരുപറഞ്ഞു എന്നായിരുന്നു ദിനേശ് പണിക്കരുടെ ചോദ്യം. സിനിമയുടെ നിർമാതാവ് താൻ തന്നെയാണ്. നഷ്ടം സഹിച്ചതും താനാണെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർത്തു. 'സർക്കാസം ഏറ്റില്ല ബ്രോ' എന്നടക്കം പരിഹാസ കമന്റുമായി മറ്റ് ആരാധകരുമെത്തി.

'1999-ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച രാഷ്ട്രീയപശ്ചാത്തലമുള്ള, ആദ്യം 'ചെങ്കൊടി' എന്ന പേരിട്ട ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയച്ചിത്രമായില്ലെങ്കിലും 'സ്റ്റാലിൻ ശിവദാസ്' എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ളരാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു', എന്നായിരുന്നു ദിനേശ് പണിക്കരുടെ കുറിപ്പ്.

'നിങ്ങളുടെ അറുപതുലക്ഷം നഷ്ടമായില്ലേ', എന്ന് ഒരാൾ കമന്റിൽ ചോദിച്ചപ്പോൾ അതേ എന്ന് ദിനേശ് പണിക്കർ മറുപടി നൽകി. 15 ദിവസംകൊണ്ട് പൂർത്തിയാക്കിയ സിനിമയല്ലേയെന്ന് ചോദിച്ചപ്പോൾ, 25 ദിവസമെടുത്തുവെന്നും ഒട്ടുമുക്കാൽ ദിവസങ്ങളിലും ഡബിൾ യൂണിറ്റ് ചിത്രീകരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടി. ദാമോദരന്റെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത 'സ്റ്റാലിൻ ശിവദാസ്', സുരേഷ് ഗോപി ചിത്രം 'പത്ര'ത്തിനൊപ്പമായിരുന്നു റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ 'കിരീടം' ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ ദിനേശ് പണിക്കർ നിർമിച്ചിട്ടുണ്ട്. പിന്നീട് നടനായി തിളങ്ങിയ ദിനേശ് പണിക്കർ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്.