തിരുവനന്തപുരം: ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് നിർമാതാവ് സുരേഷ് കുമാർ. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാരംഗം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ദിലിപിനെ കുടുക്കാൻ ശ്രമിച്ചതാണെന്നും അദ്ദേഹത്തെ വെറുതെ വിട്ടതിൽ സന്തോഷമുണ്ടെന്നും സുരേഷ് കുമാർ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
'ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് വിധി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ദിലീപിനെ വിളിച്ചിരുന്നു, അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. വിധിയെക്കുറിച്ചോർത്ത് എല്ലാവർക്കും ടെൻഷനുണ്ടായിരുന്നു. സത്യം വിജയിച്ചു എന്നതാണ് പ്രധാനം, സത്യമേവ ജയതേ.
ദിലീപിനെ വെറുതെ വിട്ടതിൽ ഒരുപാട് സന്തോഷം. എൻ്റെ 'വിഷ്ണുലോകം' എന്ന സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി വന്ന കാലം മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു. അത്തരത്തിലൊരു മാനസികാവസ്ഥ ഉള്ളയാളല്ല അദ്ദേഹം.
വിധിയെ സ്വാഗതം ചെയ്യുന്നു, കുറ്റം ചെയ്ത എല്ലാവരേയും ശിക്ഷിച്ചു. ഗൂഢാലോചന നടത്തി എന്ന കള്ളക്കേസുണ്ടാക്കി ഫ്രെയിം ചെയ്യാൻ ശ്രമിച്ച ആൾക്കാരെ വെറുത വിടുകയും ചെയ്തു. വളരെ ഗംഭീരമായൊരു വിധിയാണിത്.
സജി ചെറിയാൻ പറഞ്ഞതുപോലെ സിനിമാരംഗം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണ്. അവർക്ക് നീതി കിട്ടി. ഒരാളെ കുടുക്കി അയാളെ ശിക്ഷിച്ചല്ല നീതി ലഭിക്കേണ്ടത്.
ദീലീപിനെ ആദ്യമായി കാണാൻ പോയത് ആലുവ സബ് ജയിലിലാണ്. അദ്ദേഹത്തെ ഫ്രെയിം ചെയ്തതാണെന്ന് നേരത്തെ എന്നോട് ഒരുദ്യോഗസ്ഥൻ പറഞ്ഞിരുന്നു. പോലീസിലെ ചില ഉദ്യോഗസ്ഥരും സിനിമയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിത്. അതെല്ലാം ചീറ്റിപ്പോയി, കോടതിയുടെ മുന്നിലെത്തിയപ്പോൾ എല്ലാം തെറ്റാണെന്ന് കണ്ടെത്തി.
എട്ട് കൊല്ലം ദിലീപിൻ്റെ കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാൻ പോലും പറ്റാത്തതാണ്. ആ കുടുംബവുമായി വളരെ അടുത്ത് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ആ കുട്ടികൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു. ആ കുട്ടികളൊക്കെ മദ്രാസിൽ നിന്നാണ് പഠിച്ചത്. ദിലീപിൻ്റെ അമ്മ ഒരുപാട് സഹിച്ചു.
ഇത്രയും അനുഭവിച്ചിട്ടും പിടിച്ചുനിൽക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായത് ദെെവാധീനം കൊണ്ടാണ്. ഈ കേസ് വന്നതിന് ശേഷം പുറത്തിറങ്ങി അഭിനയിച്ച ആദ്യത്തെ ചിത്രമാണ് 'രാമലീല'. അത് ഗംഭീര വിജയമായി. ദിലീപിന് പകരം മറ്റാരാണെങ്കിലും പിടിച്ച് നിൽക്കാൻ സാധിക്കില്ലായിരുന്നു. സാമ്പത്തികമായും ശാരീരികമായിട്ടും മാനസികമായും അദ്ദേഹത്തെ നശിപ്പിച്ചു. സോഷ്യൽ മീഡിയയും ചാനലുകളും മാസങ്ങളോളം ആഘോഷിച്ചു. അതൊക്കെ തെറ്റാണെന്ന് തെളിഞ്ഞു. അതിനിടയ്ക്ക് ബാലചന്ദ്ര കുമാർ എന്നൊരാൾ വന്ന് കേസിൽ ട്വിസ്റ്റുണ്ടാക്കാൻ ശ്രമിച്ചു. അതെല്ലാം വെറുതെയായി, സത്യം ജയിച്ചു. ദിലീപിൻ്റെ മുന്നോട്ടുള്ള ജീവിതം സുഖമമായി പോകട്ടെ', സുരേഷ് കുമാർ പറഞ്ഞു.
Content Highlights: Producer Suresh Kumar expresses happiness and relief over Dileep`s acquittal
Published: 08 Dec 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented