ബോക്‌സ് ഓഫീസ് റെക്കോർഡുകളെ തിരുത്തിയെഴുതിയ ആദിത്യ ധർ- രൺവീർ സിങ് ചിത്രം 'ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രചാരണം തള്ളി നടൻ രാകേഷ് ബേദി. ചിത്രത്തിന്റെ തിരക്കഥ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണെന്ന പ്രചാരണത്തോടാണ് രാകേഷ് ബേദി പ്രതികരിച്ചത്. ചിത്രത്തിൽ ജമീൽ ജമാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് രാകേഷ് ബേദി. ഡൽഹിയിൽ അമൃത്‌രത്‌ന ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ചിത്രത്തിൽ കോമഡി രംഗങ്ങൾ തന്റെ സംഭാവനയാണെന്ന് തുറന്നുപറഞ്ഞതിന്റെ തുടർച്ചയായാണ് അദ്ദേഹം പ്രചാരണങ്ങളോട് പ്രതികരിച്ചത്. സ്‌പൈ ത്രില്ലർ ചിത്രമായ 'ധുരന്ധറി'ൽ കോമഡി രംഗങ്ങൾ ഉൾപ്പെടുത്തുന്നതിൽ സംവിധായകൻ ആദിത്യ ധറിന് സംശയമുണ്ടായിരുന്നുവെന്ന് രാകേഷ് ബേദി പറഞ്ഞു.

'തിരക്കഥ വായിച്ചപ്പോൾ തീവ്രവും പിരിമുറുക്കവും നിറഞ്ഞതുമായ സിനിമയാണെന്ന് എനിക്ക് മനസിലായി. സ്വാഭാവികമായി കോമഡിയോട് താത്പര്യമുള്ള നടനെന്ന നിലയിൽ ഹ്യൂമറിന് സാധ്യതയുള്ള ചിലയിടങ്ങൾ എന്റെയുള്ളിൽ തെളിഞ്ഞു. കോമഡിക്ക് സാധ്യത ചിലയിടങ്ങളിൽ കാണുന്നുണ്ട്, നമുക്ക് ശ്രമിച്ചൂടേ എന്ന് ഞാൻ ആദിത്യയോട് ചോദിച്ചു. ഇപ്പോഴത് പറയാൻ ബുദ്ധിമുട്ടാണെന്നും വരുമ്പോൾ കാണാമെന്നും അദ്ദേഹം മറുപടി നൽകി. ആദ്യമൊക്കെ അദ്ദേഹത്തിന് ചെറിയ മടിയുണ്ടായിരുന്നു. എന്നാൽ, മുന്നോട്ടുപോകുന്തോറും അദ്ദേഹത്തിനും അതിഷ്ടമായി', രാകേഷ് ബേദി പറഞ്ഞു.

പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ് തിരക്കഥയെന്ന പ്രചാരണത്തോട് നടൻ പ്രതികരിച്ചത്. ചിത്രത്തിലെ ഒരു ഡയലോഗ് പറഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 'അത്തരം സംഭാഷണം ആരും എഴുതില്ല. ചിത്രം ഹിറ്റായപ്പോൾ, തിരക്കഥ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണെന്ന് ചിലർ അവകാശപ്പെട്ടു. ഇങ്ങനെയൊരു സംഭാഷണമെഴുതാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആരാണുള്ളത് എന്നായിരുന്നു എന്റെ മറുചോദ്യം. അങ്ങനെ ചിന്തിക്കാൻ പോലും ആർക്കും പറ്റില്ല', രാകേഷ് ബേദി കൂട്ടിച്ചേർത്തു.

2025 ഡിസംബർ അഞ്ചിനാണ് 'ധുരന്ധർ' തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2' മാർച്ച് 19-നും പ്രദർശനത്തിനെത്തി. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ ചിത്രം ആഗോളതലത്തിൽ 1,307 കോടി രൂപ കളക്ട് ചെയ്തപ്പോൾ, രണ്ടാം ഭാഗം 1,790 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയത്.