കോടികൾ വാരുന്ന 'ധുരന്ധർ' എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധറും അദ്ദേഹത്തിന്റെ ഗുരുവും സംവിധായകനുമായ പ്രിയദർശനും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ചാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന സംസാരം. 'ധുരന്ധറി'ന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ആദിത്യ പ്രിയദർശന് അയച്ച ഒരു മെസേജ് ഇങ്ങിനെയായിരുന്നു:

To advertise here,

'പ്രിയപ്പെട്ട പ്രിയൻ സാർ, ഞാനാരുമല്ലാത്ത കാലത്ത് എന്റെ കഴിവുകളെ വിശ്വസിച്ചയാളാണ് താങ്കൾ. ദൃഢമായ വിശ്വാസവും എന്തൊക്കെയോ എഴുതിയ കുറച്ച് കടലാസുകളും മാത്രമേ എന്റെ കൈയിൽ അന്നുണ്ടായിരുന്നുള്ളൂ. തുല്യനെപ്പോലെ താങ്കൾ എന്നെ പരിഗണിച്ചു. തൊഴിലിലെ മാന്യതയ്ക്കുപരിയായി വിശ്വാസം, സ്നേഹം എന്നിവ പകർന്നുതന്നു. എന്തൊക്കെ ചെയ്യരുത് എന്നതുമാത്രം ഞാൻ മനസിലാക്കിയ സിനിമാ രംഗത്ത് എന്തൊക്കെ ചെയ്യണമെന്ന് സാർ പഠിപ്പിച്ചുതന്നു. സിനിമാ സംവിധായകൻ എന്ന നിലയിൽ മാത്രമല്ല, മനുഷ്യൻ എന്ന നിലയിലും. 'ആക്രോശ്', 'തേസ്' എന്നീ സിനിമകളുടെ സംഭാഷണം എഴുതിയ കാലം മുതൽ ഈ നിമിഷം വരെ എന്റെ എല്ലാ ചുവടുകളിലും താങ്കളുടെ മുദ്രകളുണ്ട്. എല്ലാറ്റിലും ആദ്യം ഞാൻ താങ്കളുടെ ശിഷ്യനാണ്. നന്ദി സാർ. ഈ വിജയം എന്റേതെന്നപോലെ തന്നെ താങ്കളുടേതുമാണ്'.

ഇതിന് മറുപടിയായി പ്രിയദർശൻ മറുപടി എഴുതി: 'ആദിത്യ, മൂന്ന് വർഷം നീ എന്റെ സഹസംവിധായകനും സംഭാഷണ രചയിതാവും ആയിരുന്നപ്പോഴും നിന്റെ ചിന്തയുടെ വ്യാപ്തിയും പ്രതിഭയുടെ ആഴവും എനിക്ക് പൂർണ്ണമായും ബോധ്യപ്പെട്ടിരുന്നില്ല. എന്നാൽ, 'ഉറി'യും 'ധുരന്ധറും' കണ്ടപ്പോൾ നീ എന്നേക്കാൾ എത്ര വലിയ പ്രതിഭയാണ്‌ എന്ന് മനസിലാക്കി ഞാൻ അതിശയിച്ചു. ശിഷ്യന്മാരുടെ വിജയം പുത്രന്മാരുടേതുപോലെ തന്നെയാണ് പഴയ ഭാരതീയ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ. നിനക്കിനിയും വലിയ വിജയങ്ങളുണ്ടാവട്ടെ. 'ധുരന്ധർ' രണ്ടും ലോകം കീഴടക്കട്ടെ...'

1300 കോടി ബോക്സ് ഓഫീസ് നേട്ടത്തിലേക്ക് കുതിക്കുകയാണ് ആദിത്യ ധറിന്റെ രൺവീർ സിങ് ചിത്രം 'ധുരന്ധർ'. രൺവീർ സിങ്ങിന് പുറമേ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവർ പ്രധാനവേഷത്തിലെത്തിയ 'ധുരന്ധർ' വലിയ പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 1230 കോടി ആഗോള കളക്ഷൻ പിന്നിട്ടുകഴിഞ്ഞു. ഇതോടെ എക്കാലത്തേയും മികച്ച കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമായി 'ധുരന്ധർ' മാറി. ഇന്ത്യയിൽനിന്ന് മാത്രം 800 കോടി നേടുന്ന ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ധുരന്ധർ' സ്വന്തമാക്കി. മാർച്ചിൽ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങും.