ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ബോക്സ് ഓഫീസിൽ 1300 കോടി രൂപയുടെ ചരിത്ര നേട്ടവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധുരന്ധർ 2- നെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ സാറ അർജുൻ പങ്കുവെച്ചു. മർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ആദ്യ ഭാഗത്തേക്കാൾ ആവേശം പകരുന്ന ആക്ഷൻ രംഗങ്ങളും കഥാമുഹൂർത്തങ്ങളും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്നാണ് സാറ പറഞ്ഞത്.

To advertise here,

പാകിസ്താനി രാഷ്ട്രീയക്കാരന്റെ മകളും ഇന്ത്യൻ ഏജന്റായ ഹംസ അലി മാസരിയുടെ ഭാര്യയുമായ യലീന ജമാലി എന്ന കഥാപാത്രത്തിനാണ് രണ്ടാം ഭാഗത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ യഥാർത്ഥ കരുത്തും പ്രാധാന്യവും വ്യക്തമാകുക ഇനി വരാനിരിക്കുന്ന ഭാഗത്തിലാണെന്ന് സാറ ഒരു അഭിമുഖത്തിൽ വൃക്തമാക്കി. ആദ്യ ഭാഗത്ത് കണ്ടതിനേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം  പാൻ-ഇന്ത്യൻ സിനിമയായാണ് പ്രേക്ഷകരിലേക്ക് എത്തുക.

ധുരന്ധർ 2 വിന് തൊട്ടുമുമ്പ് സാറയുടെ ആദ്യ തെലുങ്ക് ചിത്രമായ 'യൂഫോറിയ' ഫെബ്രുവരി 6-ന് പുറത്തിറങ്ങും. പ്രശസ്ത സംവിധായകൻ ഗുണശേഖർ ഒരുക്കുന്ന സിനിമയിൽ നിയമപരമായ പ്രതിസന്ധികളിൽ അകപ്പെടുന്ന ചൈത്ര എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. 18-ാം വയസ്സിൽ ഈ ചിത്രത്തിൽ ഒപ്പിടുമ്പോൾ തന്നെ ഇതിലെ പ്രമേയം തന്നെ വളരെയധികം ആകർഷിച്ചുവെന്ന് 20-കാരിയായ താരം പറഞ്ഞു. 

ഭാവി കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സാറ പറഞ്ഞു. ‘മാർച്ചിന് ശേഷം ഞാൻ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല, എന്നാൽ അതൊരു പോസിറ്റീവായ  കാര്യമായാണ് ഞാൻ കാണുന്നത്. ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ഈ അനിശ്ചിതത്വം എനിക്കിഷ്ടമാണ്, കാരണം അത് പുതിയ അവസരങ്ങൾക്കായി കാത്തിരിക്കാൻ പ്രേരണയാകാറുണ്ട്. ഇനി ചെയ്യാൻ പോകുന്ന കഥകൾ വളരെ ശക്തമായിരിക്കണം എന്ന് ആഗ്രഹമുണ്ട്’- സാറ പറഞ്ഞു.

ബാലതാരത്തിൽ നിന്ന് നായികയിലേക്കുള്ള സാറയുടെ വളർച്ചയിൽ ധുരന്ധർ 2 ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. ജനുവരി 23-ന് റിലീസ് ചെയ്യുന്ന ബോർഡർ 2-വിനൊപ്പമായിരിക്കും ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങുക.