കമൽഹാസന്റെ രാജ്കമൽ ഫിലിംസ് നിർമിക്കുന്ന രജനീകാന്തിന്റെ 173-മത് ചിത്രമാണ് അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമ്മൻ'. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ടൈറ്റിൽ പ്രഖ്യാപന പരിപാടിയിൽ സംസാരിക്കവെ മനസ്സ് തുറന്ന രജനീകാന്ത് താൻ എന്ത് പറഞ്ഞാലും അത് വിവാദമാകുകയാണെന്നും അതിനാൽ പൊതുവേദികളിൽ സംസാരിക്കാൻ തനിക്ക് ഇപ്പോൾ വലിയ മടിയാണെന്നും വെളിപ്പെടുത്തി.

To advertise here,

താൻ നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ചാണ് രജനീകാന്ത് വേദിയിൽ സംസാരിച്ചത്. "സംസാരിക്കാൻ വിളിക്കുമ്പോൾ തന്നെ എനിക്ക് ഇപ്പോൾ മടിയാണ്. കാരണം, ഞാൻ എന്ത് സംസാരിച്ചാലും അത് എനിക്കോ നിങ്ങൾക്കോ ഒരു പ്രശ്നമായി മാറും," അദ്ദേഹം പറഞ്ഞു. എന്നാൽ താൻ മിണ്ടാതിരുന്നാലും ആളുകൾ കളിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ മിണ്ടാതിരുന്നാൽ, അവൻ എന്താ ഒന്നും മിണ്ടാത്തത്, വായിൽ കൊഴുക്കട്ട വെച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ആളുകൾ എന്നെ കളിയാക്കും". താൻ സംസാരിച്ചാൽ എന്തിനാണ് സംസാരിച്ചതെന്നും അങ്ങനെയൊന്നും സംസാരിക്കരുതായിരുന്നുവെന്നും പറഞ്ഞ് ചിലർ വിമർശിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുപാട് നാളുകൾക്ക് ശേഷം എനിക്ക് മനസ്സിലായി, നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടമാകില്ല. നമ്മളെ ഇഷ്ടമുള്ളവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടമാവും എന്ന് കരുതുന്നതും വിഡ്ഢിത്തമാണ്. അതുകൊണ്ട് ജാഗ്രതയായിരിക്കണം.- അദ്ദേഹം പറഞ്ഞു.

നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ് മാസത്തിൽ രജനീകാന്ത് നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. വിജയ് തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ രജനീകാന്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് ചെന്നൈയിലെ തന്റെ വസതിയിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു.

മറ്റ് കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി സംസാരിക്കുന്ന തരംതാണ വ്യക്തിയല്ല താനെന്നും വിജയ് മുഖ്യമന്ത്രിയായപ്പോൾ തന്നെ താൻ അഭിനന്ദനം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. "ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ല, പിന്നെ എന്തിനാണ് ഞാൻ വിജയിയോട് അസൂയപ്പെടുന്നത്? വേണമെങ്കിൽ കമൽ ഹാസൻ മുഖ്യമന്ത്രിയായാൽ എനിക്ക് ചിലപ്പോൾ അസൂയ തോന്നിയേക്കാം," രജനീകാന്ത് അന്ന് തമാശരൂപേണ പറഞ്ഞു. തനിക്കും വിജയ്ക്കും ഇടയിൽ 25 വർഷത്തെ തലമുറയുടെ വ്യത്യാസമുണ്ടെന്നും അതിനാൽ മത്സരിക്കുന്നത് ശരിയാകില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.

വിജയ്‌യുടെ ജന്മദിനത്തിൽ രജനീകാന്ത് സമൂഹമാധ്യമങ്ങളിൽ ആശംസകൾ അറിയിക്കാതിരുന്നതും ചിലർ ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ വിജയ്യെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു എന്നാണ് ബുധനാഴ്ച നടന്ന പരിപാടിയിൽ അദ്ദേഹം മാധ്യമങ്ങൾക്ക് മറുപടി നൽകിയത്.