മുംബൈ: സംഗീതസംവിധായകനും ഗായകനുമായ എ.ആർ. റഹ്മാന്റെ സംഗീത പരിപാടിയിൽ ഒരു അതിഥിയെത്തി. ആരാധകരെ ആവേശത്തിലാക്കാൻ പിന്നെ ഇരുവരും ചേർന്നൊരു തകർപ്പൻ ഗാനവും ആലപിച്ചു. നടനും സംവിധായകനുമായ ധനുഷ് ആണ് എ.ആർ റഹ്മാൻ കൺസർട്ടിനിടെ ഏവരേയും അമ്പരപ്പിച്ചെത്തിയ ആ അതിഥി.
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് എ.ആർ. റഹ്മാന്റെ സംഗീത പരിപാടി അരങ്ങേറിയത്. ഈ ചടങ്ങിലേക്കാണ് സർപ്രൈസ് ആയി ധനുഷ് എത്തിയത്. റഹ്മാനെ പ്രശംസിച്ച ധനുഷ് അദ്ദേഹത്തിന്റെ ഗാനങ്ങളെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. വേദിയിൽ ഇരുവരും ചേർന്ന് ധനുഷ് സംവിധാനം ചെയ്ത രായൻ എന്ന ചിത്രത്തിലെ അടങ്കാത അസുരൻ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചു.
ഇതിഹാസ സംഗീത സംവിധായകനൊപ്പം സൂപ്പർതാരവും ചേർന്നതോടെ കാണികൾ ആവേശഭരിതരായി. ഇരുവരുടേയും പ്രകടനത്തെ ഉച്ചത്തിലുള്ള ആർപ്പുവിളികളോടും കൈയടികളോടും കൂടിയാണ് ആസ്വാദകർ സ്വീകരിച്ചത്. ഞായറാഴ്ച എ.ആർ. റഹ്മാനൊപ്പമുള്ള ഒരു ചിത്രം ധനുഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അങ്ങേയറ്റത്തെ ബഹുമതി എന്നാണ് ചിത്രത്തിനൊപ്പം ധനുഷ് കുറിച്ചത്.
സംഗീത പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യം ആരാധകർക്ക് അവിസ്മരണീയമായ നിമിഷമായിരുന്നു. ധനുഷിന്റെ അപ്രതീക്ഷിത പ്രകടനം അവിടെ സന്നിഹിതരായവർക്ക് കൂടുതൽ ആവേശം പകർന്നു. സംഗീത പരിപാടിയിൽ പങ്കുചേർന്ന നടന്റെ ഈ പ്രവൃത്തിയെ അവർ അഭിനന്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Content Highlights: Dhanush`s Surprise Performance at AR Rahman`s Concert
Published: 04 May 2025, 03:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented