റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായിരുന്ന സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം ബിസിനസ്‌മേഖലയെ മാത്രമല്ല, സാധാരണക്കാരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. മലയാളികൾക്ക് സി.ജെ. റോയിയെ കൂടുതൽ പരിചയം സാധാരണക്കാർക്കും ഫ്‌ളാറ്റ് സ്വന്തമാക്കാം എന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ പരസ്യവാചകത്തിലൂടെയും ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ ഷോയുടെ വിജയത്തിലൂടെയും മലയാളചിത്രങ്ങളുടെ നിർമ്മാതാവെന്ന നിലയിലുമാണ്. കാസനോവ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പണം വാരിയെറിഞ്ഞ് മലയാള സിനിമാനിർമാണരംഗത്തെത്തിയ സി.ജെ. റോയ് എന്ന ബിസിനസുകാരൻ തുടർന്നും മൂന്ന് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായി. ഏറ്റവും ഒടുവിലായി നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി.ജെ. റോയ് സ്വയം ജീവനൊടുക്കിയത്.

To advertise here,

ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി-ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമ്മാതാവാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനായ സി.ജെ. റോയ്. ചിത്രത്തിലെ നായികയായെത്തുന്ന ഭാവനയുടെ ഭാവനയുടെ നിർമ്മാണസംരംഭമായ ഭാവന ഫിലിം പ്രൊഡക്ഷൻസാണ് അനോമിയുടെ മറ്റൊരു നിർമ്മാണപങ്കാളി. റഹ്‌മാൻ നയകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിയാസ് മാരാത്താണ്. കന്നഡയിലും മലയാളത്തിലുമായി 11 ചിത്രങ്ങളുടെ നിർമ്മാണത്തിൽ സി.ജെ. റോയ് പങ്കാളിയായി.

2012 ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു കാസനോവയുടെ റിലീസ്. ഇത് പുറത്തിറങ്ങി 14 വർഷം പൂർത്തിയായ വേളയിലാണ് റോയ്‌യുടെ മരണം. ഈ സിനിമ ഇറങ്ങിയ സമയത്ത് പ്രൊമോഷൻ പരിപാടികളുമായി റോയ് കൊച്ചിയിൽ സജീവമായി ഉണ്ടായിരുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസുമായും മോഹൻലാലുമായും ഒന്നിക്കുന്നു എന്നതിനാൽ കാസനോവയും സി.ജെ. റോയും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അക്കാലത്ത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു കാസനോവ. നല്ലൊരു സിനിമ നിർമ്മിക്കുന്നതിന് ബജറ്റ് ഒരുതരത്തിലും പ്രശ്‌നമാകരുതെന്ന് റോഷൻ ആൻഡ്രൂസിനോട് പറഞ്ഞതായി സി.ജെ. റോയ് പ്രതികരിച്ചിരുന്നു.

പാൻ ഇന്ത്യൻ സിനിമ എന്ന ആശയം വരുന്നതിന് മുൻപ് തന്നെ അത്തരം വ്യവസായസാധ്യതകളെ കുറിച്ച് റോയ് സംസാരിച്ചിരുന്നു. സിനിമകളുടെ വിദേശവിപണിയെ കുറിച്ചൊക്കെ അദ്ദേഹം അക്കാലത്തുതന്നെ ആശയം പങ്കുവെച്ചിരുന്നു. കാസനോവ വലിയ ഹിറ്റായില്ലെങ്കിലും പിന്നീട് മരയ്ക്കാർ-അറബിക്കടലിലെ സിംഹം, സുരേഷ് ഗോപി നായകനായ മേം ഹൂം മൂസ, ഐഡന്റിറ്റി എന്നീ സിനിമകളും റോയ് നിർമ്മിച്ചു. ഏറ്റവും ഒടുവിലത്തെ നിർമ്മാണ സംരംഭം റിലീസിനൊരുങ്ങിയിരിക്കുകയാണ്.

ഐഡിയ സ്റ്റാർ സിംഗറിന്റെ സ്‌പോൺസർ എന്ന നിലയിലാണ് കോൺഫിഡന്റ് ഗ്രൂപ്പ് മലയാളികൾക്കിടയിൽ പ്രചാരം നേടുന്നത്. റോയ് സ്‌ഫോൺസർ ചെയ്ത എല്ലാ റിയാലിറ്റി ഷോകളും വൻവിജയമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഏറെ ശ്രദ്ധ നൽകിയിരുന്ന വ്യക്തിയായിരുന്നു റോയ്. കേരളത്തിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്കായി 100 വീടുകൾ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയിരുന്നു. സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കായുള്ള പദ്ധതിയും കോൺഫിഡന്റ് ഗ്രൂപ്പ് നടപ്പിലാക്കി വരുന്നുണ്ട്.