ലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് ദിലീപിനെ നായകനാക്കി 2003 ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിഐഡി മൂസ എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലുമായിരുന്നു ആരാധകർ.

മൂസ പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന വേളയിൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. സിഐഡി മൂസ ആനിമേഷൻ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപും കൂട്ടരും. ലോക ആനിമേഷൻ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ്, ആശിഷ് വിദ്യാർഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്നു.

സമീപഭാവിയിൽ തന്നെ സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഒരുങ്ങുമെന്ന പ്രതീക്ഷ സംവിധായകൻ ജോണി ആന്റണി നേരത്തെ മാതൃഭൂമി ഡോട് കോമിനോട് പങ്കുവച്ചിരുന്നു.

"സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കൾ. അവർ ഒന്നിച്ചുവന്നാലേ സി.ഐ.ഡി മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ അതെക്കുറിച്ച് സംസാരിക്കാറുണ്ട്.......

ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവരെല്ലാം വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങിവന്നെങ്കിൽ സി.ഐ.ഡി. മൂസ ചെയ്യാൻ എനിക്ക് കുറച്ചുകൂടി ഊർജം ലഭിച്ചേനേ" ജോൻണി ആന്റണി മുമ്പ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞതിങ്ങനെ

Content Highlights :CID Moosa animation Series Dileep Johny Antony Udaykrishna Sibi K Thomas Bhavana