കൊല്ലം: കൊല്ലത്തെ ഹോട്ടലിൽവെച്ച് സംവിധായകൻ വി.കെ.പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്ന എഴുത്തുകാരിയുടെ പരാതിയിൽ രഹസ്യമൊഴി നൽകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി.

To advertise here,

അപേക്ഷ പരിഗണിച്ച കോടതി പരാതിക്കാരിയുടെ മൊഴിയെടുക്കാൻ കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) നികിതാ പ്രസാദിനെ ചുമതലപ്പെടുത്തി. കോടതിയുടെ സമൻസ് കൈപ്പറ്റിയശേഷം പരാതിക്കാരി വരുംദിവസങ്ങളിൽ കൊല്ലത്തെത്തി മൊഴിനൽകും. മജിസ്‌ട്രേറ്റിന്റെ ചേംബറിലാകും മൊഴിയെടുപ്പ്.

അതിനിടെ പ്രകാശും പരാതിക്കാരിയും ഒരേദിവസം ഹോട്ടലിലെ നാലാംനിലയിലെ അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലെ നാലാംനിലയിൽ പ്രകാശ് താമസിച്ചിരുന്ന മുറിക്ക് സമീപമുള്ള മറ്റൊരുമുറിയിലാണ് പരാതിക്കാരി താമസിച്ചിരുന്നത്. 

2022 ഏപ്രിൽ നാലിനാണ് പ്രകാശ് പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചിട്ടുള്ളത്. പ്രകാശ് പണമടച്ച രേഖകളും ഹോട്ടലിൽനിന്ന് പള്ളിത്തോട്ടം എസ്.എച്ച്.ഒ. ബി.ഷഫീക്കിന്റെ നേതൃത്വത്തിൽ പോലീസ് ശേഖരിച്ചു. ഒരു മുറിയുടെ വാടക ബാങ്ക് വഴിയും രണ്ടാമത്തെ മുറിയുടേത് പണം നേരിട്ടുമാണ് അടച്ചിട്ടുള്ളത്.