ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചലച്ചിത്രതാരങ്ങളും. മമ്മൂട്ടി, അജയ് ദേവ്ഗൺ, വിവേക് ഒബ്റോയ്, അനിൽ കപൂർ, ഖുശ്ബു തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയും തങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയുടെ ആധിപത്യം പ്രകടമായ മത്സരമായിരുന്നു കഴിഞ്ഞദിവസം നടന്നതെന്ന് ഏവരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

To advertise here,

ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ് എന്നാണ് നടൻ മമ്മൂട്ടി പോസ്റ്റ് ചെയ്ത്. ഐസിസി പുരുഷ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിടുക്കന്മാർ നേടിയ അയത്നലളിതമായ വിജയമെന്നാണ് അജയ് ദേവ്ഗൺ അഭിപ്രായപ്പെട്ടത്. എന്തൊരു കളിയാണിതെന്നും താരം കൂട്ടിച്ചേർത്തു.

ഇങ്ങനെ വേണം കാര്യങ്ങൾ ചെയ്യാൻ. വളരെ അഭിമാനം തോന്നുന്നു. അനിൽ കപൂറിന്റെ വാക്കുകൾ.

"അവസാനം നമ്മൾ ജയിച്ചു!!!! #ഇന്ത്യ എപ്പോഴും ഒന്നാമത്." നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ ഇങ്ങനെ അഭിപ്രായപ്പെട്ടു.

"40 പന്തിൽ 77 റൺസ് നേടി ഇഷാൻ കിഷന്റെ അതിഗംഭീര പ്രകടനം, ജസ്പ്രീത് ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും വിക്കറ്റുകൾ. മത്സരം മുഴുവൻ ഞാൻ അലറിവിളിച്ചതിന്റെ പ്രതിധ്വനി എന്റെ കാതുകളിൽ മുഴങ്ങുന്നു! നമ്മുടെ മെൻ ഇൻ ബ്ലൂ കൂടുതൽ കൂടുതൽ ശക്തി നേടട്ടെ." വിവേക് ഒബ്റോയ് പറഞ്ഞു.

ടോസ് ആനുകൂല്യം നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായിട്ടും തളരാതെ പോരാടിയ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ (77) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.