ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ കുടിശ്ശിക തീർക്കാൻ ബോളിവുഡ് താരം രാജ്പാൽ യാദവിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി, സെറ്റിൽമെന്റിനായി 30 ദിവസത്തെ സമയം കൂടി വേണമെന്ന യാദവിന്റെ അഭ്യർഥന തള്ളി. മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും കോടതി നടപടികളിലെ വൈകലും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ ഈ കർശന നിലപാട് സ്വീകരിച്ചത്.

To advertise here,

എം/എസ് മുരളി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനടപടികൾ ആരംഭിച്ചത്. ചെക്ക് മടങ്ങിയ കേസിൽ 2024 മെയ് മാസത്തിൽ ഒരു സെഷൻസ് കോടതി യാദവിനെ കുറ്റക്കാരനായി കണ്ടെത്തുകയും ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് തർക്കം പരിഹരിക്കാമെന്ന ഉറപ്പിന്മേൽ ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും ഒത്തുതീർപ്പിനായി കേസ് ഡൽഹി ഹൈക്കോടതി മീഡിയേഷൻ സെന്ററിലേക്ക് വിടുകയും ചെയ്തിരുന്നു.

രാജ്പാൽ യാദവും അദ്ദേഹത്തിന്റെ അഭിഭാഷകരും കോടതിയിൽ നൽകിയ വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. താൻ പണം നൽകാൻ തയ്യാറാണെന്ന് യാദവ് പറയുമ്പോൾ, ജയിൽശിക്ഷ അനുഭവിച്ചതിനാൽ ഇനി പണം നൽകില്ലെന്ന് അഭിഭാഷകർ വാദിക്കുന്നത് കോടതിയെ ചൊടിപ്പിച്ചു. "നിങ്ങളോട് ദയ കാണിക്കുന്നത് അദ്ദേഹം ദുർബലനായതുകൊണ്ടാണെന്ന് ഒരിക്കലും കരുതരുത്" എന്ന് ജസ്റ്റിസ് ശർമ്മ ഓർമിപ്പിച്ചു.

മുൻപ് നൽകിയ ഉറപ്പുകൾ പ്രകാരം 2.5 കോടി രൂപ അടയ്ക്കുന്നതിൽ യാദവ് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 2026 ഫെബ്രുവരിയിൽ കീഴടങ്ങാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഫെബ്രുവരി 5-ന് അദ്ദേഹം കീഴടങ്ങുകയും 1.5 കോടി രൂപ പരാതിക്കാരന് നൽകിയ ശേഷം ശിക്ഷയിൽ ഇടക്കാല ഇളവ് നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബാക്കിയുള്ള 6 കോടി രൂപ നൽകാൻ 30 ദിവസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിക്കാനാകില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.

താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇതിനോടകം അഞ്ച് ഫ്ലാറ്റുകൾ വിറ്റുവെന്നും യാദവ് വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയെ അറിയിച്ചു. എങ്കിലും, ജയിൽശിക്ഷ അനുഭവിച്ചു തീർത്തതുകൊണ്ട് മാത്രം സാമ്പത്തിക ബാധ്യത ഇല്ലാതാകില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. നിലവിൽ ഏകദേശം 7.75 കോടി രൂപയോളം കുടിശ്ശികയുണ്ടെന്നാണ് പരാതിക്കാരുടെ പക്ഷം. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം കോടതി ഈ കേസിൽ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.