ഒമ്പത് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട ജയിൽ വാസത്തിന് ശേഷം ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് താരം രാജ്‌പാൽ യാദവ്. മാധ്യമങ്ങളോട് സംസാരിക്കവേ താൻ തട്ടിപ്പുകാരനല്ലെന്നുപറഞ്ഞ രാജ്‌പാൽ യാദവ്, പ്രമുഖരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളെക്കുറിച്ച് സംസാരിക്കാൻ  വിസമ്മതിച്ചു.

To advertise here,

‘ഞാനൊരു തട്ടിപ്പുകാരനാണെങ്കിൽ ഈ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എനിക്ക് എങ്ങനെ സിനിമകൾ ലഭിക്കും? വർഷത്തിൽ പത്തോളം സിനിമകളിൽ ഞാൻ അഭിനയിക്കുന്നുണ്ട്. സിനിമാ മേഖലയ്ക്ക് എന്നിലുള്ള വിശ്വാസമാണിത്’-അദ്ദേഹം പറഞ്ഞു.

സൽമാൻ ഖാൻ, സോനു സൂദ് തുടങ്ങിയ പ്രമുഖരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ച അദ്ദേഹം തനിക്ക് ആരുടെയും സഹതാപം ആവശ്യമില്ലന്നും പ്രതികരിച്ചു.

നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ അദ്ദേഹം തയ്യാറായില്ല. കോടതി തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വീണ്ടും ജയിലിൽ പോകാൻ തയ്യാറാണെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും താരം വ്യക്തമാക്കി.

രാജ്പാൽ യാദവ് ആദ്യമായി സംവിധാനം ചെയ്ത 'അത പത ലാപ്പത' എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും അഞ്ച് കോടി രൂപ കടം വാങ്ങിയിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ പണം തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പലിശയടക്കം അഞ്ച് കോടി രൂപയായി വർദ്ധിച്ചതാണ് നിയമനടപടികളിലേക്ക് നയിച്ചത്.