കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് കാമ്പസിലെ കൂട്ടുകാർക്കിടയിൽ ഡബ്ബ് ചെയ്ത് താരമായ ഭാഗ്യയ്ക്ക് അപ്രതീക്ഷിതമായാണ് ആ വിളിവന്നത്- ഷെയ്‌ൻ നിഗം നായകനായ ഉണ്ണി ശിവലിംഗത്തിന്റെ ’ബൾട്ടി’ സിനിമയിലെ നായികയ്ക്ക് ശബ്ദം നൽകാൻ. നായികയായ പ്രീതി അസ്‌റാണി അവതരിപ്പിച്ച കാവേരി എന്ന കഥാപാത്രത്തിന് അങ്ങനെ ഭാഗ്യാ സുരേഷ് ശബ്ദംനൽകി.

To advertise here,

ബ്രണ്ണനിൽ അവസാനവർഷ ഗണിതശാസ്ത്ര ബിരുദവിദ്യാർഥിയായ ഭാഗ്യ കരിവെള്ളൂർ സ്വദേശിയാണ്. ബൾട്ടിയും ജാലക്കാരിയും തിയേറ്ററുകളിലും സാമൂഹികമാധ്യമങ്ങളിലും കൈയടി നേടുമ്പോൾ അത്‌ ഭാഗ്യയ്ക്കുകൂടിയുള്ള കൈയടിയാണ്‌.

സിനിമാപ്രേമിയാണ് ഭാഗ്യ. സിനിമകളിലെ പല സംഭാഷണങ്ങളും മനഃപാഠമാണ്‌. കലോത്സവവേദികളിൽ അഭിനയം, നാടകം, മോണോ ആക്ട്, പ്രസംഗം, നൃത്തം എന്നിവയിൽ പങ്കെടുക്കുമായിരുന്നു. പിന്നീട് ഡബ്ബിങ് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ’പൊന്നിയിൻ സെൽവനിൽ’ ഐശ്വര്യ റായിക്കും തൃഷയ്ക്കും ശബ്ദംനൽകിയായിരുന്നു തുടക്കം. ‘അമരനി’ൽ സായി പല്ലവിക്കും ‘വാരണം ആയിര’ത്തിലെ മൂന്ന്‌ വ്യത്യസ്ത കഥാപാത്രങ്ങൾക്കും ശബ്ദം നൽകി.

ആ വീഡിയോകൾ ശ്രദ്ധപിടിച്ചുപറ്റി. ഇത് ’ബൾട്ടി’ സംവിധായകൻ ഉണ്ണി ശിവലിംഗത്തിനും ഇഷ്ടപ്പെട്ടു. അസിസ്റ്റന്റ് ഡയറക്ടർ വൈശാഖും കോ ഡയറക്ടർ ശബരിനാഥും ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചു- ഓഡിഷന് ചെല്ലാൻ. പത്തോളം പേരിൽനിന്ന് ഭാഗ്യ തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.വി. സുരേഷിന്റെയും ഷൈലജയുടെയും മകളാണ്. സഹോദരി: ഹൃദ്യാ സുരേഷ്.