'ബന്ദിനി', 'ബാലികാ വധു', 'തെന്നാലിരാമ' തുടങ്ങിയ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ ടെലിവിഷൻ താരം ആസിയ കാസി വിവാഹിതയായി. നടൻ ഗുൽഷൻ നൈനാണ് വരൻ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 

To advertise here,

നവംബർ 29ന് മുംബൈയിൽവെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ജസ്വിർ കൗർ, കുനാൽ പന്ത്, സുപ്രിയ ശുക്ല, ടോറൽ രസപുത്ര എന്നിവരുൾപ്പെടെ നിരവധി ടെലിവിഷൻ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇരുവരും ഇൻസ്റ്റ​ഗ്രാമിലൂടെ വിവാഹ ഫോട്ടോകൾ പങ്കുവെച്ചു.

ഗോൾഡൻ എംബ്രോയ്ഡറി ചെയ്ത ചുവന്ന ലെഹങ്കയായിരുന്നു ആസിയ ധരിച്ചിരുന്നത്. വെള്ളയും ചുവപ്പും നിറത്തിലുള്ള കുന്ദൻ നെക്ലേസ്, വളകൾ, നെറ്റിചുട്ടി മുതലായ ആഭരണങ്ങളിൽ താരം അതിമനോഹരിയായിരുന്നു. ഗുൽഷൻ എംബ്രോയ്ഡറി ചെയ്ത കടും നീല നിറത്തിലുള്ള ഷെർവാണിയായിരുന്നു ധരിച്ചിരുന്നത്.

'ബന്ദിനി'യിലെ സന്തുവെന്ന കഥാപാത്രത്തിലൂടെയാണ് ആസിയ ജനപ്രിയയായത്. 'ബാലികാ വധു'വിലെ ഗംഗ, 'തെനാലി രാമ'യിലെ ശാരദ വേഷങ്ങളും താരത്തെ ടെലിവിഷൻ ആരാധകർക്കിടയിൽ പ്രശസ്തയാക്കി. 'ഓൾ എബൗട്ട് സെക്ഷൻ 377', 'കാമ്പസ് ഡയറീസ്' തുടങ്ങിയ വെബ് സീരീസുകളിലൂടെയാണ് ഗുൽഷൻ നൈൻ ശ്രദ്ധേയനായത്.