
ആറ് വര്‍ഷം മുമ്പ് ഒരു സെപ്റ്റംബറിലാണ് സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറിനെ സംഗീതപ്രേമികള്‍ക്ക് നഷ്ടമായത്. കേരളം കണ്‍തുറന്നതുതന്നെ ഞെട്ടിക്കുന്ന ആ ദുരന്ത വാര്‍ത്തയിലേക്കായിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിനൊപ്പം മകള്‍ തേജസ്വിനി ബാലയുടേയും ജീവന്‍ നഷ്ടമായി. പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു.
ഗുരുതമായ പരിക്കുകളോടെ ആശുപത്രിയില്‍ ജീവിതത്തോട് പോരാടി തിരിച്ചുവന്നിരിക്കുകയാണ് ലക്ഷ്മി. ഭര്‍ത്താവിനേയും മകളേയും നഷ്ടപ്പെട്ട ദു:ഖത്തിനൊപ്പം ഏറെ പരിഹാസങ്ങളും അപവാദങ്ങളും ലക്ഷ്മി കേള്‍ക്കേണ്ടി വന്നു. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന തരത്തില്‍വരെ പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ഭാര്യ ലക്ഷ്മി.
അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്നും ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. താനും മകളും മുന്നിലെ സീറ്റിലാണ് ഇരുന്നിരുന്നതെന്നും ബാലഭാസ്‌കര്‍ പിന്നിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നെന്നും ലക്ഷ്മി വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞുവെന്നും അത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാമെന്നും ലക്ഷ്മി പറയുന്നു.
'തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ക്കായി ഞങ്ങളുടെ ഒരു നേര്‍ച്ചയുണ്ടായിരുന്നു. അധികം വൈകാത്തതു കാരണമാണ് നേര്‍ച്ച കഴിഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചുപോന്നത്. ഏറെ വൈകിയിരുന്നെങ്കില്‍ തൃശ്ശൂര്‍തന്നെ തങ്ങുമായിരുന്നു. ബാലുവിന് തിരുവന്തപുരത്ത് എത്തി കുറച്ചു ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. യാത്രയ്ക്കിടെ തലവേദനയും ഛര്‍ദ്ദിയുമെല്ലാം വരുന്നതിനാല്‍ ഞാന്‍ മകളെ മടിയിലിരുത്തി മുന്നിലെ സീറ്റില്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നു.
ഇടയക്ക് അവര്‍ വണ്ടി നിര്‍ത്തി കടയില്‍ നിന്ന് ഡ്രിങ്ക്‌സെല്ലാം വാങ്ങി കഴിച്ചു. എന്നോട് വേണമോ എന്ന് ബാലു ചോദിച്ചു. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. അധികം വൈകാതെ വീട്ടിലെത്തുമെന്നും ബാലു പറഞ്ഞു. ഞാനൊന്ന് കിടക്കെട്ട എന്ന് ബാലു പറയുന്നുണ്ടായിരുന്നു. പിന്നേയും കുറച്ച് ദൂരം മുന്നോട്ടു പോയ ശേഷമാണ് അപകടമുണ്ടായത്. പെട്ടെന്ന് ഓഫ് റോഡിലൂടെ വണ്ടി പോകുന്നതുപോലെ അസാധാരണമായ ഫീല്‍ തോന്നി. വണ്ടിക്ക് നിയന്ത്രണം നഷ്ടമായി എന്ന് മനസിലായി. ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ആകെ പകച്ചിരിക്കുന്ന അര്‍ജുന്റെ മുഖമാണ് കാണുന്നത്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചു. ഗിയര്‍ ബോക്‌സില്‍ കൈ കൊണ്ട് നന്നായി അടിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയി. എത്രയോ ദിവസം കഴിഞ്ഞ് ആശുപത്രി മുറിയിലാണ് ഞാന്‍ കണ്ണുതുറന്നത്.'- ലക്ഷ്മി പറയുന്നു.
തന്റെ തലച്ചോറിനാണ് കാര്യമായ പരിക്കേറ്റതെന്നും ശരീരം മുഴുവന്‍ മുറിവുകളും ഒടിവുകളുമുണ്ടായിരുന്നെന്നും ലക്ഷ്മി പറയുന്നു. കാലിന് ഇപ്പോഴും പ്രശ്‌നമുള്ളതിനാല്‍ ചികിത്സ തുടരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ പറ്റിയില്ല. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റര്‍ പറഞ്ഞത്. അതോടെ ഞാന്‍ ആശ്വസിച്ചു. ബാലുവില്ലെന്ന യാഥാര്‍ഥ്യം ഞാന്‍ വിശ്വസിച്ചതേയില്ല. കൗണ്‍സിലിങ്ങിനു എത്തിയ സൈക്കോളജിസ്റ്റ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞു. ബാലു ഇല്ല എന്ന യാഥാര്‍ഥ്യം ഞാന്‍ അംഗീകരിച്ചില്ല. അവരോട് പുറത്തുപോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഉറങ്ങുമ്പോഴെല്ലാം ഞാന്‍ ബാലുവിനേയും മകളേയും സ്വപ്‌നം കണ്ടു. അതാണ് യാഥാര്‍ഥ്യം എന്ന് കരുതി. എഴുന്നേല്‍ക്കുന്നത് ഭീകരമായ വേദനയിലേക്കായിരുന്നു. ഇതോടെ ഏതാണ് യാഥാര്‍ഥ്യം എന്ന് എനിക്ക് മനസിലാകാതെ വന്നു. കുറച്ചു കാലം എന്റെ ജീവതം അങ്ങനെയായിരുന്നു. പിന്നീടാണ് ബാലുവും മകളും ഇല്ലെന്ന കാര്യം ഞാന്‍ അംഗീകരിച്ചത്. അപ്പോഴേക്കും കേസിന്റെ നടുവിലായി.
ഇനിയൊരിക്കലും വയലിന്‍ വായിക്കാത്ത അവസ്ഥയിലാണ് ബാലുവെന്നാണ് ആദ്യം ഞാന്‍ അറിഞ്ഞത്. അങ്ങനെയൊരു അവസ്ഥയെ ഭയപ്പെട്ടിരുന്ന ബാലു അങ്ങനെ ജീവിക്കേണ്ടി വരാത്തതില്‍ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്നേ എന്റെ സ്വാര്‍ഥത ആഗ്രഹിച്ചിട്ടുള്ളൂ,' ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.
കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബന്ധമുള്ളയാളാണ് അര്‍ജുനെന്നും ബാലുവിന്റെ സ്ഥിരം ഡ്രൈവറല്ലെന്നും ലക്ഷ്മി പറയുന്നു. 'ഒരു കേസില്‍പ്പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ബാലു അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് പൂന്തോട്ടം വീട്ടില്‍വെച്ച് കണ്ടപ്പോള്‍ അര്‍ജുന്റെ തന്റെ ഭാഗത്ത് ന്യായമുള്ളതുപോലെ ബാലുവിനോട് സംസാരിച്ചു. ബാലു അതെല്ലാം വിശ്വസിക്കുകയും ചെയ്തു. സഹായിക്കാമെന്ന് കരുതി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്തെങ്കിലും അത്യാവശ്യ സമയങ്ങളില്‍ വിളിക്കുമ്പോള്‍ മാത്രമാണ് അര്‍ജുന്‍ വണ്ടിയോടിക്കാന്‍ വന്നിരുന്നത്. അന്ന് തൃശ്ശൂര് പോയപ്പോഴും അര്‍ജുനെ വിളിക്കുകയായിരുന്നു.
ഞാനൊരു സാധാരണക്കാരിയാണ്. ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഒന്നും പറയിക്കാനാകില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നെ കേസ് കൊടുക്കുമായിരുന്നു. എനിക്ക് ഇനിയൊന്നും നഷ്ടപ്പെടാനില്ല. ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി കേസ് കൊടുക്കാന്‍. എന്നാല്‍ ഇതൊരു സാധാരണ അപകടം മാത്രമായതുകൊണ്ടാണ് ഞാന്‍ കേസുമായി മുന്നോട്ടുപോകാതിരുന്നത്.'-ലക്ഷ്മി വ്യക്തമാക്കുന്നു.
അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണും പേഴ്‌സും സുഹൃത്തായ പ്രകാശ് തമ്പിയുടെ കൈയിലായിരുന്നു. പേഴ്‌സ് പിന്നീട് അമ്മയ്ക്ക് കൊടുത്തു. മൊബൈല്‍ ഫോണിന്റെ കാര്യം ചോദിച്ചപ്പോള്‍ അത് കുറച്ചു ദിവസം കൂടി കൈയില്‍ സൂക്ഷിക്കട്ടേയെന്ന് ചോദിച്ചു. തിരിച്ചുതരുമെന്ന് ഉറപ്പും നല്‍കി. അവരെ അവിശ്വസിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ അമ്മ സമ്മതിച്ചു. എന്നാല്‍ അത് തിരിച്ചുതന്നില്ല. പിന്നീടാണ് ഇവരെല്ലാം ക്രിമിനലുകളാണെന്ന് മനസിലായത്. ബാലഭാസ്‌കറിന്റെ എല്ലാ സുഹൃത്തുക്കളേയും തനിക്കറിയില്ലെന്നും ചില സുഹൃത്തുക്കള്‍ക്ക് ബാലു കടം നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു. എന്നാല്‍ ഇതൊന്നും തിരിച്ചുചോദിക്കാന്‍ താന്‍ പോയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബാലുവിന്റെ പിതാവ് ഉണ്ണിയുമായി അടക്കം ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും ലക്ഷ്മി പറയുന്നു. പ്രണയവിവാഹമായതിനാല്‍ ബാലുവിന്റെ കുടുംബം തങ്ങളെ അംഗീകരിച്ചിരുന്നില്ല. അപകടത്തിന് ശേഷം ബാലുവിന്റെ കുടുംബത്തില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ മാനസികമായി തളര്‍ത്തി. അവരുമായി ഒരുപോരാട്ടത്തിനുമില്ല. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ വീട്ടുകാരുടെ ഇഷ്ടക്കേടുമുണ്ടാകും. പ്രതീക്ഷിക്കാത്ത പലരില്‍ നിന്നും തനിക്കെതിരെ കേട്ടപ്പോള്‍ സങ്കടമുണ്ടായിട്ടുണ്ട്. ആരോപണങ്ങളോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ നഷ്ടം തനിക്കാണ് സംഭവിച്ചത്. ഭര്‍ത്താവിനോടും കുഞ്ഞിനോടുമുള്ള തന്റെ സ്നേഹവും അടുപ്പവും ചോദ്യംചെയ്യാന്‍ ഈ ലോകത്ത് ആര്‍ക്കും കഴിയില്ലെന്നും ലക്ഷ്മി പറഞ്ഞു.
Content Highlights: balabhaskars wife lakshmi talks about accident and controversies
Published: 11 Dec 2024, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented