
അക്ഷയ്കുമാർ, ഗോവിന്ദ, പരേഷ് റാവൽ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി 2006-ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം 'ഭാഗം ഭാഗി'ന് രണ്ടാംഭാഗം ഒരുങ്ങുന്നു. 'കോമഡി സർക്കസ്', 'ഡ്രീം ഗേൾ' ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനംചെയ്ത രാജ് ഷാൻഡലിയ ആവും ചിത്രം സംവിധാനംചെയ്യുകയെന്നാണ് വിവരം. രണ്ടാംഭാഗത്തിൽ അക്ഷയ് കുമാറിനൊപ്പം പരേഷ് റാവലുമുണ്ടാവും. ആദ്യഭാഗത്തിൽ ഗോവിന്ദ അവതരിപ്പിച്ച കഥാപാത്രമായ മനോജ് വാജ്‌പേയി ചിത്രത്തിലെത്തും.
1995-ൽ പുറത്തിറങ്ങിയ മലയാള ചിത്രം 'മാന്നാർ മത്തായി സ്പീക്കിങ്ങി'ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഭാഗം ഭാഗ്' പ്രിയദർശൻ ഒരുക്കിയത്. സുനിൽ ഷെട്ടിയും ധിലിൻ മേത്തയും സംവിധാനംചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നീരജ് വോറയായിരുന്നു. ജാക്കി ഷെറോഫ്, അർബാസ് ഖാൻ, ലാറ ദത്ത, രാജ്പാൽ യാദവ്, ശക്തി കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ടായിരുന്നു.
അതേസമയം, രണ്ടാംഭാഗത്തിലെ നായികമാരെക്കുറിച്ചാണ് ചർച്ച മുഴുവൻ. രണ്ട് നായികമാർ ചിത്രത്തിലുണ്ടാവുമെന്നാണ് വെറൈറ്റി ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 'ലക്കി ഭാസ്‌കറി'ൽ ദുൽഖറിന്റെ നായികയായെത്തിയ മീനാക്ഷി ചൗധരി നേരത്തേ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. 'ധുരന്ധറി'ലെ ഒരു ഡാൻസ് നമ്പറിലൂടെ ശ്രദ്ധനേടിയ അയേഷാ ഖാനും ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
മീനാക്ഷിയുടെ ആദ്യബോളിവുഡ് ചിത്രമാവും 'ഭാഗം ഭാഗ് 2'. 'ധുരന്ധറി'ലെ 'ഷെറാറത്ത്' എന്ന ഡാൻസ് നമ്പറിലൂടെ 'നാഷണൽ സെൻസേഷൻ' ആയി മാറിയിരിക്കുകയാണ് അയേഷാ ഖാൻ. അനുകൽപ് ഗോസ്വാമിയുടെ കപിൽ ശർമ ചിത്രം 'കിസ് കിസ്‌കോ പ്യാർ കരൂം 2' ആണ് അയേഷ നായികയായെത്തി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'ഭാഗം ഭാഗ് 2' ഉടനെ ചിത്രീകരണം ആരംഭിക്കും.
Content Highlights: Bhagam Bhag 2: Ayesha Khan and Meenakshi Chaudhary locked as female leads opposite Akshay Kumar
Published: 25 Feb 2026, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented