നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിലെ സീതാദേവിയായുള്ള സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച പ്രശംസയാണ് ലഭിക്കുന്നത്. ഇതിനിടെ, സിനിമയെക്കുറിച്ച് സായ് പല്ലവിയുടെ മുത്തച്ഛൻ നടത്തിയ ഒരു പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. 'രാമായണ'യിൽ സായ് പല്ലവി അഭിനയിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്ന വീഡിയോ വൻ തോതിലാണ് പ്രചരിക്കുന്നത്. ഇതോടെ പലരും ആശയക്കുഴപ്പത്തിലായി. ഇതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. ഒടുവിൽ മുത്തച്ഛൻ പറഞ്ഞ കാര്യത്തിൽ വ്യക്തത വരുത്തി സായ് പല്ലവി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

To advertise here,

 

മുത്തച്ഛന്റെ വാക്കുകൾ വിമർശനമായിരുന്നില്ലെന്നും, മറിച്ച് തനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനമായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. വീഡിയോയുടെ ഒരു ഭാഗംമാത്രം മുറിച്ചെടുത്തതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും, സീതയായുള്ള തന്റെ പ്രകടനം കണ്ടപ്പോൾ ദൈവം തന്നിലൂടെ നേരിട്ട് അഭിനയിക്കുന്നതുപോലെയാണ് അദ്ദേഹത്തിന് തോന്നിയതെന്നും താരം പറഞ്ഞു.

ബിഹൈൻഡ്​വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം വിശദീകരിച്ചത്. ഞാൻ ആ വേഷം വളരെ നന്നായി ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കുള്ളിലൂടെ ദൈവം അഭിനയിച്ചതുപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. കുട്ടിക്കാലം മുതൽക്കേ മുത്തച്ഛൻ എപ്പോഴും ഇങ്ങനെ പറയാറുണ്ട്. എല്ലാ കുട്ടികളും ദൈവാംശം ഉള്ളവരാണെന്നും അവരുടെ രൂപത്തിൽ ദൈവം ഭൂമിയിലേക്ക് വീണ്ടും വന്നിരിക്കുകയാണെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്" - സായ് പല്ലവി പറഞ്ഞു.

സീതാദേവിയായി വേഷമിടാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അനുഗ്രഹവുമായാണ് താൻ കാണുന്നതെന്ന് സായ് പല്ലവി പറഞ്ഞിരുന്നു. കഥാപാത്രത്തെ പൂർണതയോടെ അവതരിപ്പിക്കുന്നതിനായി ഷൂട്ടിംഗിന് മുൻപ് ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുമായിരുന്നുവെന്നും, സീതാദേവി തന്നെ നയിക്കണമെന്ന് പ്രാർഥിച്ചാണ് ഓരോ രംഗവും ചെയ്തതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി മനസ്സ് എപ്പോഴും ശാന്തമായും ശുഭാപ്തിവിശ്വാസത്തോടെയും നിലനിർത്താൻ താൻ ശ്രമിച്ചിരുന്നതായും സായ് പല്ലവി കൂട്ടിച്ചേർത്തു.

നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ 'രാമായണ' ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് തുടരുന്നത്. ട്രേഡ് അനലിസ്റ്റുകളായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്നുമാത്രം 1,000 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. വിദേശ മാർക്കറ്റുകളിൽ നിന്ന് 510 കോടി രൂപയും സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 1,500 കോടി രൂപ കടന്നിരിക്കുകയാണ്.

സായ് പല്ലവിക്കൊപ്പം രൺബീർ കപൂർ, യാഷ്, രവി ദുബെ, അനുപം ഖേർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്‌റോയ്, കുനാൽ കപൂർ, ആദിനാഥ് കോത്താരെ, അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.