ന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്ര മേഖലയോടുള്ള തന്റെ നിരാശ വെളിപ്പെടുത്തി നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. ഹിന്ദി വ്യവസായത്തോട് വെറുപ്പായെന്നും ദക്ഷിണേന്ത്യയിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു. 

To advertise here,

ചലച്ചിത്രനിര്‍മാണ കലയെ ലാഭമുണ്ടാക്കുന്ന യന്ത്രമായി തരംതാഴ്ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. സിനിമ ആരംഭിക്കുന്നതിനുമുന്‍പുതന്നെ അതെങ്ങനെ വില്‍ക്കാമെന്നാണ് ആലോചിക്കുന്നത്. അതിനാല്‍ത്തന്നെ സിനിമയെടുക്കുന്നതിലെ സന്തോഷം പോയി. അതുകൊണ്ടാണ് അടുത്തവര്‍ഷം മുംബൈ വിടാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നല്ല സിനിമകള്‍ ഉള്ള സൗത്തിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ മേഖലയില്‍ നിരാശയും വെറുപ്പും അനുഭവിക്കുന്നു. മനസ്സില്‍ അത് ഉറച്ചെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ മലയാളം സിനിമ 'മഞ്ഞുമ്മല്‍ ബോയ്‌സി'നെയും അദ്ദേഹം ഉദ്ധരിച്ചു. ഇത്തരത്തില്‍ ഒരു സിനിമ ബോളിവുഡ് ഒരിക്കലും ചിന്തിക്കില്ല. എന്നാല്‍ ഹിറ്റായാല്‍ റീമേക്കുമായി വരും. പുതിയതായി ഒന്നും പരീക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ബോളിവുഡ് നടന്മാര്‍ ഒരു പ്രത്യേക വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതേ ഇവിടെ നടക്കൂ. പക്ഷേ, മലയാളത്തില്‍ അങ്ങനെയല്ല'-മലയാള സിനിമാ വ്യവസായ രംഗത്തെ ഐക്യബോധത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്തിടെയിറങ്ങിയ മലയാളം ആക്ഷന്‍ ത്രില്ലറായ റൈഫിള്‍ ക്ലബ്ബില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും.