കേരളാ സ്റ്റോറി 2 എന്ന ചിത്രത്തിനും സംവിധായകൻ കാമാഖ്യാ നാരയൺ സിങ്ങിനുമെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രം കുപ്രചരണം ലക്ഷ്യമിട്ടുള്ളതാണെന്നും നിർമാതാക്കൾ വിഷയത്തേക്കാൾ ലാഭത്തിന് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. കേരളാ സ്റ്റോറി എന്ന മുൻചിത്രത്തിന്റെ തുടർച്ചയായി എത്തുന്ന ഈ സിനിമ വിപുൽ അമൃത്‌ലാൽ ഷായാണ് നിർമ്മിച്ചിരിക്കുന്നത്.

To advertise here,

കേരളാ സ്റ്റോറി എന്ന ചിത്രം വെറും വിഷലിപ്തമായ പ്രൊപ്പഗാണ്ട സിനിമയാണെന്നും അർത്ഥവത്തായ ഒരു കഥ പറയുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇതിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നും അനുരാഗ് കശ്യപ് ആരോപിച്ചു. നിർമാതാക്കൾ പണത്തിന് വേണ്ടിയാണ് ഇത്തരം സിനിമകൾ എടുക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ യുക്തിരഹിതമാണെന്നും കശ്യപ് ചൂണ്ടിക്കാട്ടി.

"കേരള സ്റ്റോറി സിനിമ ഒരു മോശം സിനിമയാണ്. ഇത് പ്രൊപ്പഗാണ്ടയാണ്. അസംബന്ധവുമാണ്. ആരെങ്കിലും ഇങ്ങനെ ബീഫ് കൊടുക്കുമോ? ഇങ്ങനെ ഒരു ഖിച്ഡി പോലും ആരും വിളമ്പില്ല. സിനിമയുടെ ലക്ഷ്യം പണം ഉണ്ടാക്കുക എന്നതാണ്. അവർ എല്ലാവരെയും സന്തോഷിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സംവിധായകൻ അത്യാഗ്രഹിയാണ്. അയാൾക്ക് പണം ഉണ്ടാക്കണം എന്ന് മാത്രമേയുള്ളൂ," അനുരാഗ് കശ്യപ് പറഞ്ഞു.

കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ സംവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർത്തിയത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ശ്രീദേവ് നമ്പൂതിരി എന്നയാൾ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിനെത്തുടർന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം, സെൻസർ ബോർഡ് (CBFC), ചിത്രത്തിന്റെ നിർമ്മാതാവ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 24-നാണ് ഈ കേസിൽ കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുന്നത്. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഫെബ്രുവരി 27ന് റിലീസ് ചെയ്യും.