കേരള സ്റ്റോറി 2-വിലെ വർഗീയവും വിദ്വേഷവും നിറഞ്ഞ സംഭാഷണങ്ങൾക്കും രംഗങ്ങൾക്കുമെതിരെ സാമൂഹികമാധ്യമത്തിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്. കേരളത്തെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങളെ എതിർക്കുന്നതിനൊപ്പം സിനിമയ്ക്ക് ട്രോളുകളും നിറയുന്നുണ്ട്. ചിത്രത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെ കേരളത്തിൽ ഇത്തരമൊരു സാഹചര്യമില്ലെന്ന് കാണിച്ച് സാമൂഹികമാധ്യമത്തിൽ നിരവധിപേരാണ് കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്. ഇപ്പോഴിതാ സാമൂഹികപ്രവർത്തകയും പാച്ചുവും അത്ഭുതവിളക്കും ഡൊമിനിക് ആന്റ് ദി പേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിതയുമായ വിജി വെങ്കടേഷും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സ്റ്റോറി 2-നേക്കുറിച്ചുള്ള രസകരമായ റീലുകൾ കണ്ട് താൻ ചിരിച്ചുമരിച്ചുവെന്ന് വിജി കുറിച്ചു. അവരിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കിയെന്നും ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല എന്നതാണ് അതെന്നുമാണ് വിജി കുറിച്ചത്.
ചിത്രത്തിലെ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ഏറെ വിവാദമായത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി. ബീഫ് കഴിക്കുന്ന രംഗം ചെയ്യാൻ ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർബന്ധിക്കാതെ തന്നെ അത് കഴിക്കാം എന്നുമാണ് ഭൂരിഭാഗം കമന്റുകളും ട്രെയിലറിന് കീഴെ കമന്റ് ചെയ്തത്. ആദ്യഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
'പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?', 'ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല', 'ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം', 'ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു', ' ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല', 'ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം', ' ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി' എന്നെല്ലാമായിരുന്നു മലയാളികളുടെ പ്രതികരണങ്ങൾ.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
Content Highlights: Explore the controversy around `The Kerala Story 2`, focusing on the forced beef-eating scene, distorted portrayal of Kerala, and viral social media reactions.
Published: 21 Feb 2026, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented