അന്തരിച്ച നടൻ ഓം പുരിയും സഹോദരി സീമ കപുറും തമ്മിലെ വിവാഹബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് ഓർത്തെടുത്ത് നടൻ അന്നു കപുർ. സമാനതകളില്ലാത്ത നടനായിരുന്നെങ്കിലും ഓം പുരി തന്റെ സഹോദരിയുടെ ജീവിതം തകർത്തുവെന്ന് അന്നു കപുർ കുറ്റപ്പെടുത്തി.

To advertise here,

അന്നു കപുറിന്റെ സഹോദരി സീമ കപുർ ആയിരുന്നു ഓം പുരിയുടെ ഭാര്യ. സീമ ഗർഭിണിയായിരിക്കെ മറ്റൊരു സ്ത്രീയുമായി ഓംപുരിയുടെ വിവാഹേതരബന്ധം കണ്ടെത്തിയതിനെത്തുടർന്ന് അവർ വിവാഹമോചനം നേടി. എന്നാൽ, ഓം പുരിയുടെ അവസാനകാലത്ത് ഇരുവരും വീണ്ടും ഒന്നിച്ചു.

'ഓം പുരി അസാധ്യനടനായിരുന്നു. അദ്ദേഹത്തെപ്പോലെ മികച്ച നടന്മാർ വേറെയുണ്ടായിരുന്നില്ല. എന്നാൽ, അത് വേറെ കാര്യമാണ്. അദ്ദേഹം ഒരാളുടെ ഭർത്താവായി. തുടർന്ന് അവളെ ചതിച്ചു. അവിടെയാണ് കാര്യങ്ങൾ മോശമായത്. ചതിക്കപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ഞാൻ. 10 വർഷം മുമ്പെങ്കിലും മരിക്കേണ്ടതായിരുന്നു അദ്ദേഹം. എന്റെ സഹോദരിയാണ് അവസാനം പരിചരിച്ചത്. ശരീരം തളർന്നപ്പോൾ അയാൾ തിരിച്ചുവന്നു. എനിക്ക് പെങ്ങളോട് സഹതാപവും ദേഷ്യവും തോന്നി', അന്നു കപുർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'ഇന്ന് അദ്ദേഹമില്ല, മകൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ മകനും മുൻഭാര്യ നന്ദിതയ്ക്കും വേണ്ടി ഞാൻ ഇന്നും പ്രാർഥിക്കാറുണ്ട്. എനിക്ക് ആരോടും ശത്രുതയില്ല. എന്നാൽ, എന്റെ സഹോദരി സീമയുടെ ജീവിതം തകർന്നതിൽ എനിക്ക് ദുഃഖമുണ്ട്. അവളെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. അക്കാര്യങ്ങൾ ഓർത്താൽ കൂടുതൽ വഷളാവും. എന്റെയുള്ളിലെ സഹോദരൻ ഉണരും. ഞാനെല്ലാം തുറന്നുപറയുന്നതുകൊണ്ട് ഓം പുരിക്കും എന്നെ പേടിയായിരുന്നു. എനിക്ക് ആരേയും പേടിയില്ല. ഞാൻ നിസഹായനായിരുന്നു, ഒന്നും ചെയ്യാൻ സാധിച്ചില്ല', അന്നു കപുർ ഓർത്തെടുത്തു.

'ഓം പുരിയുമായി പിരിയാനുള്ള കാരണത്തെക്കുറിച്ച് സീമ കപുർ നേരത്തേ തുറന്നു പറഞ്ഞിരുന്നു. 'വിവാഹത്തിന് ശേഷം എല്ലാം ഭംഗിയായിരുന്നു. എന്നാൽ, ഒരു സിനിമ എല്ലാം കീഴ്‌മേൽ മറിച്ചു. എന്റെ സുഹൃത്തും വിധു വിനോദ് ചോപ്രയുടെ ആദ്യഭാര്യയുമായ രേണു സുൽജയ്ക്ക്, ഓം പുരിയുടെ വിവാഹേതരബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ, അവരും സുധീർ മിശ്രയും ഉൾപ്പെടെ എല്ലാവരും, എല്ലാം മറച്ചുവെച്ചു. ആ സിനിമ കഴിഞ്ഞാൽ ഓംപുരി സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അവർ കരുതി. വളരേ കഴിഞ്ഞാണ്, ഡൽഹിയിൽ ആയിരുന്നപ്പോൾ ഞാൻ ആ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്', സീമ കപുർ പറഞ്ഞു.

'സിറ്റി ഓഫ് ജോയ്' എന്ന ചിത്രത്തിനിടെയാണ് ഓം പുരി മാധ്യമപ്രവർത്തകയായ നന്ദിത പുരിയെ പരിചയപ്പെട്ടത്. പലർക്കും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും തുറന്നുപറഞ്ഞില്ല. വിവാഹമോചനം വേണമെന്ന നിലപാടിലായിരുന്നു ഓം പുരി. എന്നാൽ, ഗർഭിണിയായതിനാൽ പറ്റില്ലെന്ന് സീമയും നിലപാടെടുത്തു. പക്ഷേ, വൈകാരികപീഡനം സഹിക്കവയ്യാതായതോടെ, മൂന്നുമാസം ഗർഭിണിയായ സീമ വീടുവിട്ടിറങ്ങി. അന്നു കപുർ കോടതിയിൽപ്പോയി. സീമയ്ക്ക് ആറുലക്ഷം ജീവനാശം കിട്ടി.

1993-ലാണ് ഓം പുരി മാ നന്ദിത പുരിയെ വിവാഹംചെയ്തത്. ഇരുവർക്കും ഇഷാൻ എന്നൊരു മകനുണ്ട്. ഓം പുരി 2017-ൽ അന്തരിച്ചു. അവസാനകാലത്ത് അദ്ദേഹം സീമയോട് മാപ്പുപറഞ്ഞിരുന്നു.