മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മിച്ച് അജയ്ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്‌സാണ്ടര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. ജാഫര്‍ ഇടുക്കിയുടെ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കഴുത്തില്‍ കുരിശോടെയുള്ള നീണ്ട കൊന്തയും തിങ്ങിനിറഞ്ഞ വെളുത്ത താടിയും കൈയില്‍ രക്തക്കറ പുരണ്ട വാക്കിങ് സ്റ്റിക്കുമായുള്ളതാണ് പോസ്റ്റര്‍.

To advertise here,

സൂക്ഷിച്ചുനോക്കിയാല്‍ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉള്‍പ്പെടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തില്‍നിന്ന് വ്യക്തമാകുന്നത്. ആമോസ് അലക്‌സാണ്ടര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവിസ്മരണീയമാംവിധം ഭദ്രമാക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ജാഫര്‍ ഇടുക്കിയുടെ അസാമാന്യമായ അഭിനയ പാടവം കൊണ്ട് ഏറെ തിളങ്ങുന്ന ഒരു കഥാപാത്രമായിരിക്കും ആമോസ് അലക്‌സാണ്ടര്‍.

ആരാണീ ആമോസ് അലക്‌സ്ണ്ടര്‍?

വരുംദിനങ്ങളിലെ അപ്‌ഡേഷനിലൂടെ ഈ ക്യാരക്ടര്‍ എന്താണെന്ന് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാവ് അഷ്‌റഫ് പിലാക്കലും സംവിധായകന്‍ അജയ് ഷാജിയും പറഞ്ഞു. പൂര്‍ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ മൂവിയായിരിക്കുമിത്. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ശ്രീജിത് രവി, അഷ്‌റഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥന്‍, ഗാനങ്ങള്‍ പ്രശാന്ത് വിശ്വനാഥന്‍, സംഗീതം - മിനി ബോയ്, ഛായാഗ്രാഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിങ് സിയാന്‍ - ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈന്‍ - ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജയേന്ദ്ര ശര്‍മ, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂണ്‍ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈന്‍ - സുധീര്‍ കുമാര്‍, അനൂപ് തൊടുപുഴ, പ്രൊഡക്ഷന്‍ ഹെഡ് - രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ മാനേജര്‍ - അരുണ്‍ കുമാര്‍. കെ., പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - മുഹമ്മദ്.പി.സി, വാഴൂര്‍ ജോസ്, ഫോട്ടോ - അനില്‍ വന്ദന. തൊടുപുഴയിലും പരിസരങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.