ബോളിവുഡിന്റെ ബിഗ് ബിയായി മാറുന്നതിന് മുൻപ് താൻ നേരിടേണ്ടി വന്ന കടുത്ത അവഗണനകളെക്കുറിച്ച് വെളിപ്പെടുത്തി മുതിർന്ന നടൻ അമിതാഭ് ബച്ചൻ. ഉയരക്കൂടുതലിന്റെ പേരിൽ സിനിമാ സെറ്റിൽ നിന്ന് തന്നോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബച്ചൻ ഓർത്തെടുത്തു.

To advertise here,

'കോൻ ബനേഗാ ക്രോർപതി'യുടെ പ്രത്യേക എപ്പിസോഡിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ലവ്‌ലിന ബോർഗോഹെയ്ൻ, ഝണ്ഡു കുമാർ, ഷർമിള ധൻകർ, അസ്മിത ഡേ എന്നിവരുമായി സംസാരിക്കവേയാണ് താരം സിനിമാജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ചത്.

പരിശീലനത്തിനിടെ കായികതാരങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വരുന്നത് പോലെ സിനിമാ സെറ്റുകളിലും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അസ്മിത ഡേ ചോദിച്ചപ്പോഴായിരുന്നു ബച്ചന്റെ പ്രതികരണം. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നിരന്തരം വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'അഭിനയിക്കാൻ അറിയില്ല, പൊക്കക്കൂടുതലുണ്ട്, വീട്ടിലേക്ക് പൊയ്‌ക്കോളൂ എന്ന് വരെ പലരും പറഞ്ഞു. പിന്നീട് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഡയലോഗ് പറച്ചിലിന്റെ പേരിൽ വഴക്ക് കേട്ടു. തിരുത്തലുകൾ വരുത്തേണ്ടി വന്നു. അങ്ങനെയാണ് പതുക്കെ കാര്യങ്ങൾ മെച്ചപ്പെടുത്തിയത്,' ബച്ചൻ വ്യക്തമാക്കി.

ഷൂട്ടിങ്ങിന് വൈകിയെത്തിയതിനെ തുടർന്ന് സംവിധായകനിൽനിന്ന് നേരിടേണ്ടി വന്ന മോശം അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് സ്വന്തമായി കാറില്ലാതിരുന്നതിനാൽ മറ്റൊരാളുടെ കാറിലാണ് സെറ്റിലെത്തിയത്. എന്നാൽ താൻ എത്തിയപ്പോഴേക്കും ഷൂട്ടിങ് പാക്കപ്പായി എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ സംവിധായകൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ബിഗ് ബി ഓർത്തെടുത്തു.