'രാമായണം' പോലൊരു വൻ ഇതിഹാസ കഥയെ 3 മണിക്കൂർ ദൈർഘ്യമുള്ള തിരക്കഥയിലേക്ക് ആഴവും വികാരങ്ങളും ചോർന്നുപോകാതെ ചുരുക്കിയെഴുതിയ നിതീഷ് തിവാരിയുടെ തിരക്കഥയെ ഒരു 'മാസ്റ്റർക്ലാസ്' എന്നാണ് ആദിനാഥ് വിശേഷിപ്പിക്കുന്നത്.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' (അന്താരാഷ്ട്രതലത്തിൽ 'Ramayana: Rise of a Legend') എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഭരതനായി വേഷമിടുന്നത് പ്രശസ്ത നടനും സംവിധായകനുമായ ആദിനാഥ് കോത്താരെയാണ്. മറാത്തിയിലും ഹിന്ദിയിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'പാനി', കബീർ ഖാന്റെ '83' തുടങ്ങിയ പ്രോജക്റ്റുകളിലൂടെ ശ്രദ്ധേയനാണ്. ഒരു അഭിമുഖത്തിൽ, 'രാമായണം' എന്ന ഇതിഹാസ ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ചും തന്റെ കഥാപാത്രത്തിന് പിന്നിലെ അധ്വാനത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.
ഈ ചിത്രത്തിൽ ശ്രീരാമനായി അഭിനയിക്കുന്ന രൺബീർ കപൂറുമായി ആദിനാഥിന് സ്‌കൂൾ കാലഘട്ടം മുതലുള്ള അപൂർവ്വ ബന്ധമുണ്ട്. മുംബൈയിലെ ബോംബെ സ്കോട്ടിഷ് സ്കൂളിലാണ് ഇരുവരും പഠിച്ചിരുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സീനിയർ കെട്ടിടത്തിന്റെ കൈവരിയിൽ ഇരിക്കുന്ന ഉയരമുള്ള, മെലിഞ്ഞ രൺബീറിനെ കണ്ട ഓർമ്മ ആദിനാഥിനുണ്ട്. ഇരുവരുടെയും പൊതു സുഹൃത്തും ഇന്ന് ചലച്ചിത്ര നിർമ്മാതാവുമായ ബിനോയ് ഗാന്ധിയാണ് സ്കൂളിൽ വെച്ച് ആദിനാഥിനെ രൺബീറിന് പരിചയപ്പെടുത്തിയത്. പിന്നീട് സിനിമയുടെ സെറ്റിൽ വെച്ച് ഈ സ്കൂൾ ഓർമ്മ പങ്കുവെച്ചപ്പോൾ രൺബീറിനും അത് ഓർമ്മയുണ്ടായിരുന്നുവെന്ന് ആദിനാഥ് വെളിപ്പെടുത്തി.
രാമായണവുമായുള്ള തന്റെ ബന്ധം ആരംഭിച്ചത് ലക്ഷ്മണന്റെ വേഷത്തിനായുള്ള ഓഡിഷനിലൂടെയാണെന്ന് ആദിനാഥ് വെളിപ്പെടുത്തുന്നു. ആ വേഷം പിന്നീട് രവി ദുബെയ്ക്ക് ലഭിച്ചു. മുകേഷ് ഛബ്രയുടെ നേതൃത്വത്തിലുള്ള കാസ്റ്റിംഗ് പ്രക്രിയയിൽ, ലക്ഷ്മണ രേഖ വരച്ച് സീതയോട് കുടിലിന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിക്കുന്ന രംഗമാണ് അദ്ദേഹം ഓഡിഷനായി ചെയ്തത്. ഓഡിഷൻ നടന്ന് ആറു മാസങ്ങൾക്ക് ശേഷമാണ് ഭരതന്റെ വേഷത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതായി വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്തരും പരിചയസമ്പന്നരുമായ അഭിനേതാക്കളും കഥാപാത്രങ്ങൾക്ക് അനുയോജ്യരാണോ എന്നറിയാൻ ഓഡിഷനുകളിൽ പങ്കെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
"ഓഡിഷനെക്കുറിച്ച് ആളുകൾക്ക് തികച്ചും തെറ്റായ ധാരണയുണ്ട്. മുഖങ്ങൾ മാത്രം കാണാൻ ആരും തിയേറ്ററുകളിൽ വരുന്നില്ല. അവർക്ക് കഥ ഇഷ്ടപ്പെട്ടാൽ മാത്രമേ അവർ വരൂ. ഇന്ന് നമുക്ക് ചുറ്റും ധാരാളം പ്രതിഭകളുണ്ട്. 10 നല്ല അഭിനേതാക്കൾ ഉണ്ടെങ്കിൽ പോലും, അവരെല്ലാം ശരിയായ അവസരങ്ങൾ ലഭിക്കുമെന്ന് അതിനർത്ഥമില്ല," അദ്ദേഹം പറയുന്നു.
വർഷങ്ങളുടെ അനുഭവസമ്പത്തുണ്ടായിട്ടും താൻ എന്തുകൊണ്ടാണ് തുടർന്നും ഓഡിഷനുകളിൽ പങ്കെടുക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു പ്രത്യേക കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തുക എന്നതാണ് കാസ്റ്റിംഗ് എന്ന് ആദിനാഥ് ചൂണ്ടിക്കാണിച്ചു. "ഒരു പ്രത്യേക വേഷം ചെയ്യാൻ കഴിയുന്ന നിരവധി അഭിനേതാക്കളുണ്ട്. ആരാണ് അതിന് അനുയോജ്യൻ എന്ന് സംവിധായകൻ എങ്ങനെ തീരുമാനിക്കും? ഇന്നത്തെ കാസ്റ്റിംഗ് ഡയറക്ടർമാർ പരീക്ഷണം നടത്തുകയും പുതിയതും പുതുമയുള്ളതുമായ മുഖങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്നുണ്ട്. അഭിനേതാക്കൾ എന്ന നിലയിൽ, ചലച്ചിത്ര പ്രവർത്തകരെ അവരുടെ പരിധികൾ ഭേദിക്കാൻ സഹായിക്കേണ്ടതുണ്ട്. ഓഡിഷനുകൾ വളരെ നിർണായകമാണ്. അന്താരാഷ്ട്ര തലത്തിൽ എ-ലിസ്റ്റ് അഭിനേതാക്കൾ പോലും ഓഡിഷൻ ചെയ്യാറുണ്ട്." ആദിനാഥ് പറഞ്ഞു.
മിഥിലയിലെ കല്യാണ രംഗവും 'മംഗൾ രംഗ്' എന്ന ഗാനരംഗവുമാണ് ആദിനാഥിന്റേതായി ആദ്യ ദിവസങ്ങളിൽ ചിത്രീകരിച്ചത്. അയോധ്യയുടെയും ചിത്രകൂടത്തിലെ വനത്തിന്റെയും സെറ്റുകൾ അങ്ങേയറ്റം റിയലിസ്റ്റിക്കായിട്ടാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. കാട്ടിലൂടെ ആളുകൾ നടന്നുണ്ടാകുന്ന പാതകൾ പോലും സെറ്റിൽ കൃത്യമായി പുനഃസൃഷ്ടിച്ചിരുന്നു. ഇത്തരം സൂക്ഷ്മമായ വിശദാംശങ്ങൾ തനിക്ക് ഒരു സെറ്റിലല്ല, മറിച്ച് യഥാർത്ഥ ചിത്രകൂട വനത്തിൽ ഭരതനായി ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും മുന്നിൽ നിൽക്കുകയാണെന്ന ആഴത്തിലുള്ള അനുഭവം നൽകിയെന്ന് അദ്ദേഹം ഓർക്കുന്നു.
'രാമായണം' പോലൊരു വൻ ഇതിഹാസ കഥയെ 3 മണിക്കൂർ ദൈർഘ്യമുള്ള തിരക്കഥയിലേക്ക് ആഴവും വികാരങ്ങളും ചോർന്നുപോകാതെ ചുരുക്കിയെഴുതിയ നിതീഷ് തിവാരിയുടെ തിരക്കഥയെ ഒരു 'മാസ്റ്റർക്ലാസ്' എന്നാണ് ആദിനാഥ് വിശേഷിപ്പിക്കുന്നത്. അഭിനേതാക്കൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുകയും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്ന സംവിധായകനാണ് നിതീഷ് തിവാരി. ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും സംവിധായകന്റെ വീക്ഷണത്തെ പൂർണ്ണമായും പിന്തുടർന്ന് ഭരതന്റെ വേഷം അവിസ്മരണീയമാക്കാനാണ് താൻ ശ്രമിച്ചതെന്നും ആദിനാഥ് കൂട്ടിച്ചേർക്കുന്നു.
രൺബീർ കപൂർ, സായ് പല്ലവി, യാഷ്, രവി ദുബെ, ആദിനാഥ് കോത്താരെ, ലാറ ദത്ത, ഷീബ ചദ്ദ, അരുൺ ഗോവിൽ, വിവേക് ഒബ്‌റോയ്, രാകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ തുടങ്ങിയവർ അഭിനയിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ഒരു ഇതിഹാസ ചിത്രമാണ് രാമായണം. ചിത്രത്തിന്റെ രണ്ടാം ഭാഗം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Actor Addinath Kothare, who plays Bharat in Nitesh Tiwari's epic Ramayana, opened up about initially auditioning for Lakshman, filming the deeply emotional Bharat Milap sequence on intricately detailed Chitrakoot sets, praising the screenplay as a masterclass, and recalling his childhood memories of studying at Bombay Scottish School alongside co-star Ranbir Kapoor.
Published: 15 Nov 2026, 09:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented