അറ്റ്‌ലീയുടെ AA22 x A6 ക്യാമ്പെയ്‌ന് തുടക്കം. ആദ്യ വെളിപ്പെടുത്തലിൽ ദുരൂഹതകൾ മാത്രമാണ് കാണാനാകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന AA22 x A6 എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ശ്രദ്ധേയമായ ഒരു ടീസർ പോസ്റ്റർ അനൗൺസ്മെൻ്റ് പുറത്തുവിട്ടത് ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്.

To advertise here,

ഈ വമ്പൻ സിനിമാ പ്രപഞ്ചത്തിന്റെ ആദ്യ ദൃശ്യമാണ് ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന, പരുക്കനും ശക്തവുമായ ഒരു കൈയുടെ ചിത്രം ഉൾക്കൊള്ളുന്ന നിഗൂഢമായ പോസ്റ്ററാണ് പുറത്തുവന്നത്. കൂടുതൽ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട ഈ ചിത്രം ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് ആരുടെ കൈയാണ്? ഈ മുദ്ര എന്താണ് അർത്ഥമാക്കുന്നത്? ഏത് ലോകത്തുനിന്നാണ് ഈ ദൃശ്യം വരുന്നത്? എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്.

കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണർത്താനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ലക്ഷ്യമിടുന്നത്. സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ആരാധകരുടെ ആവേശം വാനോളമുയർത്തിക്കൊണ്ട്, അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 11 മണിക്ക് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവിടും. ഇന്ന് പുറത്തുവന്ന ദൃശ്യം സൂചിപ്പിക്കുന്നത് ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്റെ തുടക്കമാണ് എന്നാണ്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയൺഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.

അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പിആർഒ ആതിര ദിൽജിത്ത്.