നടന്‍ അല്ലു അര്‍ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ് കന്നട നടന്‍ യഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗീതാ ആര്‍ട്ട്‌സിന്റെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. സിനിമയിലെ നടന്‍മാരുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അല്ലു അരവിന്ദ്.

To advertise here,

ബിഗ് ബജറ്റ് സിനിമകള്‍ ഒഴിവാക്കി എന്തുകൊണ്ട്  സമീപകാലത്ത് ഗീത ആര്‍ട്ട്‌സ് ചെറിയ സിനിമകള്‍ ചെയ്യുന്നു എന്നതായിരുന്നു ചോദ്യം. ചെലവ് തന്നെയാണ് അതിന് കാരണമെന്ന് അല്ലു അരവിന്ദ് പറഞ്ഞു. എന്തുകൊണ്ടാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് താരങ്ങള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് എന്നതായിരുന്നു അടുത്ത ചോദ്യം. അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലവും ചൂണ്ടിക്കാട്ടിയാണ് അല്ലു അരവിന്ദില്‍ നിന്ന് പ്രതികരണം തേടിയത്. താരങ്ങള്‍ മാത്രമല്ല സിനിമയുടെ ചെലവ് കൂടാനുള്ള കാരണം എന്ന് അല്ലു അരവിന്ദ് പറഞ്ഞു. 

ബസ് ഡ്രൈവറുടെ മകന്‍, 500 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന നടന്‍; യഷിന്റെ കഥ ഇങ്ങനെ

ഒരു സിനിമയുടെ ബഡ്ജറ്റിന്റെ 20 മുതല്‍ 25 ശതമാനം വരെ മാത്രമാണ് നായക നടന് പ്രതിഫലമായി ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതിഫലം കാരണം മാത്രം സിനിമയുടെ ബജറ്റ് കൂടുമെന്നത് ശരിയല്ല. അഭിനേതാക്കളുടെ പ്രതിഫലത്തിന് മുകളില്‍, സിനിമ ഒരു വലിയ സംരംഭമാക്കാന്‍ ധാരാളം പണം ചെലവഴിക്കുന്നു- അല്ലു അരവിന്ദ് പറഞ്ഞു.

കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച യഷിനെ അല്ലു അരവിന്ദ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. കെജിഎഫിന് മുമ്പ് യഷ് ആരായിരുന്നു? അദ്ദേഹം എത്ര വലിയ നായകനായിരുന്നു? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ വലിയ ചലനമുണ്ടാക്കിയത്. സിനിമയുടെ മേക്കിംഗും ഗാംഭീര്യവും കൊണ്ട് മാത്രമാണ് അതിന് കഴിഞ്ഞത്. സിനിമയുടെ മേക്കിങ്ങാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

അല്ലു അരവിന്ദിന്റെ പരാമര്‍ശം യഷ് ആരാധകരില്‍ ചിലരില്‍ അനിഷ്ടമുണ്ടാക്കി. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെയാളുകളാണ് അദ്ദേഹത്തിനെതിരേ വിമര്‍ശനമുയര്‍ത്തുന്നത്. യഷില്ലാതെ കെ.ജി.എഫിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും പ്രശാന്ത് നീലിന്റെ സംവിധാനവും യഷിന്റെ പ്രകടനവുമാണ് ആ സിനിമയെ ജനപ്രിയമാക്കിയെന്നും ചിലര്‍ കുറിച്ചു. എല്ലാ അഭിനേതാക്കളുടെ കരിയറിലും വഴിത്തിരിവായി ഒരു സിനിമ ഉണ്ടായിരിക്കും. യഷിന്റേത് കെ.ജി.എഫ് ആയിരിക്കാം. ഇപ്പോള്‍ സൂപ്പര്‍താരമായി നില്‍ക്കുന്ന താങ്കളുടെ മകന്‍ അല്ലു അര്‍ജുന്റെ കരിയറും സമാനമായിരുന്നു. യഷ് ഒരു സാധാരണ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ വ്യക്തിയാണ്. അല്ലു അര്‍ജുന് ശക്തമായ സിനിമാ പാരമ്പര്യമുണ്ട്. ആ വ്യത്യാസം മനസ്സിലാക്കണമെന്നും ഒരാള്‍ കുറിച്ചു.

അതേ സമയം അല്ലു അരവിന്ദിനെ പിന്തുണച്ചും ഒട്ടേറെയാളുകള്‍ രംഗത്തെത്തി. യഷിനെ മോശമാക്കി പറഞ്ഞതല്ലെന്നും അദ്ദേഹം നിര്‍ദോഷകരമായ ഒരു ഉദാഹരണം പറഞ്ഞതിനെ വളച്ചൊടിക്കരുതെന്നും മറ്റു ചിലര്‍ കുറിച്ചു.