ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഷർവരിയും പ്രധാന വേഷങ്ങളിലെത്തുന്ന സ്‌പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ആൽഫ' കാണാൻ മുംബൈയിലെ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത് കോമഡി താരം സമയ് റെയ്‌ന. തന്റെ പ്രശസ്തമായ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന ഷോയുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തിയ താരങ്ങളോടുള്ള സ്‌നേഹസൂചകമായാണിത്. ജൂലൈ 3-നാണ് 'ആൽഫ' തിയേറ്ററുകളിൽ എത്തിയത്.

To advertise here,

'നാളെ ഞാൻ മുംബൈയിൽ ആൽഫ കാണാൻ പോവുകയാണ്. ഇതിനായി ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തിട്ടുണ്ട്. എന്റെ പ്രീ- സെയിൽ ലിസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 250 പേർക്ക് വാട്‌സാപ്പ് വഴി ടിക്കറ്റുകൾ അയച്ചുനൽകും,' ശനിയാഴ്ച സമയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്റെ ഷോയുടെ ആദ്യ എപ്പിസോഡിലേക്ക് വരാൻ മനസ് കാണിച്ച ആലിയയോടും ഷർവരിയോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണിതെന്നും, ചിത്രം കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സമയ് കൂട്ടിച്ചേർത്തു.

ആദ്യ സീസണിലെ വിവാദങ്ങളെ തുടർന്ന് എപ്പിസോഡുകൾ നീക്കം ചെയ്യേണ്ടി വന്നതിന് ശേഷമാണ് സമയ് റെയ്ന 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' പുതിയ സീസണുമായി തിരിച്ചെത്തിയത്. പുതിയ സീസണിലെ ആദ്യ എപ്പിസോഡിൽ ആലിയ ഭട്ടും ഷർവരിയുമായിരുന്നു പാനലിസ്റ്റുകൾ. പ്രേക്ഷകരിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ എപ്പിസോഡ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സിന് പുറമെ യൂട്യൂബിലും ഷോ ലഭ്യമാണ്.

ശിവ് റവാലിന്റെ സംവിധാനത്തിലൊരുങ്ങിയ 'ആൽഫ'യിൽ ആലിയ ഭട്ട്, ഷർവരി എന്നിവർക്ക് പുറമെ അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വൈ.ആർ.എഫ്. സ്‌പൈ യൂണിവേഴ്‌സിലെ ഏഴാമത്തെ ചിത്രമാണിത്. മുൻപ് പുറത്തിറങ്ങിയ ഏക്താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ, വാർ 2, ടൈഗർ 3 എന്നിവയാണ് സീരീസിലെ മറ്റു ചിത്രങ്ങൾ. വൈ.ആർ.എഫ്. സ്‌പൈ യൂണിവേഴ്‌സിൽ വനിതാ കഥാപാത്രങ്ങൾ നയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ആൽഫ. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 37 കോടി രൂപ നേടി.