തുടക്കകാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യാ രാജേഷ്. ഒരു ഫോട്ടോഗ്രാഫർ തന്നോട് അടിവസ്ത്രം മാത്രം ധരിക്കാൻ പറഞ്ഞുവെന്നും 'നിങ്ങളുടെ ശരീരം എനിക്ക് കാണണം' എന്ന് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഫോട്ടോഗ്രാഫറുടെ പേര് പറയാതെ വെളിപ്പെടുത്തൽ നടത്തിയത്.

To advertise here,

'ഞാൻ ചെറുപ്പമായിരുന്നു. സഹോദരനോടൊപ്പമാണ് അവിടെ പോയത്. ഫോട്ടോഗ്രാഫർ അവനോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നെ അകത്തേക്കുകൊണ്ടുപോയി. ധരിക്കാൻ അടിവസ്ത്രം തന്നു. 'എനിക്ക് നിങ്ങളുടെ ശരീരം കാണണം' എന്നു പറഞ്ഞു', എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

'ആ പ്രായത്തിൽ, സിനിമാ മേഖലയിലെ രീതികൾ എങ്ങനെയാണ് അറിവില്ലായിരുന്നു. ഇങ്ങനെയൊക്കെയായിരിക്കും കാര്യങ്ങളെന്ന് കരുതി. ഏറെക്കുറേ ഞാനതിൽ വീഴാനിരുന്നതാണ്. രണ്ടുമിനിറ്റുകൂടെ അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ, അനുസരിച്ചേനേ. പക്ഷേ, എനിക്ക് എന്തോ സംശയം തോന്നി'- നടി പറഞ്ഞു.

തനിക്ക് സഹോദരനോട് അനുമതി ചോദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവിടെനിന്നുമിറങ്ങിയതെന്ന് ഐശ്വര്യാ രാജേഷ് പറഞ്ഞു. 'എത്ര പെൺകുട്ടികൾ അയാളുടെ കെണിയിൽ വീണിട്ടുണ്ടാകുമെന്നാണ് ഞാൻ ആലോചിച്ചത്. എന്റെ സഹോദരനോട് ഞാൻ സംഭവം ഒരിക്കലും പറഞ്ഞിട്ടില്ല'- അവർ കൂട്ടിച്ചേർത്തു.

മദ്രാസിൽ തെലുങ്ക് കുടുംബത്തിൽ ജനിച്ച ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിതാവ് രാജേഷ് തെലുങ്കിൽ നടനായിരുന്നു. ബാലതാരമായി തെലുങ്കിൽ തുടങ്ങിയ ഐശ്വര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമയിൽ കാലുറപ്പിച്ചത്.

ദുൽഖർ സൽമാന്റെ നായികയായി 'ജോമോന്റെ സുവിശേഷങ്ങൾ', നിവിൻ പോളിയുടെ 'സഖാവ്', 'പുലിമട', 'എആർഎം', 'ഹെർ' എന്നീ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരങ്ങളിൽ 2018-ലെ മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം നേടി. 'കനാ', 'വട ചെന്നൈ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അംഗീകാരം.