ബോഡി ഷെയ്മിങ് വിവാദവുമായി ബന്ധപ്പെട്ട് നടി ഗൗരി ജി. കിഷന് പിന്തുണയേറുന്നു. ചലച്ചിത്രരംഗത്തുള്ള നിരവധി പേരാണ് താരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തുന്നത്. ഈ വിഷയത്തിൽ നടി അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറി ശ്രദ്ധേയമായിരിക്കുകയാണ്. ഗൗരിക്ക് പിന്തുണയറിയിച്ച അവർ ഗൗരിയോട് സധൈര്യം മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

To advertise here,

ആ നിമിഷം നിങ്ങൾക്ക് അനുഭവപ്പെട്ട അസ്വസ്ഥത സ്വാഭാവികമായും നിങ്ങളെ മരവിപ്പിക്കുകയും നിശബ്ദമാക്കുകയും ചെയ്തു. പക്ഷേ, നിങ്ങൾ അത് മറികടന്ന് ഈ മണ്ടൻ ചോദ്യം ചോദിച്ച ഈ വിചിത്ര വ്യക്തിയെ തുറന്നുകാട്ടിയതിൽ സന്തോഷം. വാർത്താസമ്മേളനത്തിൽ വന്നിരുന്ന ഒരാൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ആളുകൾക്ക് എങ്ങനെ ചിരിക്കാനും നിസ്സംഗതയോടെ ഇരിക്കാനും കഴിയുമെന്ന് അഹാന ചോദിച്ചു.

“നീ സധൈര്യം മുന്നോട്ട് പോവുക. ആ യൂട്യൂബർ ഉറപ്പായും നിലവാരമില്ലാത്ത ചിന്തകളുടെ ഭാരത്താൽ ബുദ്ധിമുട്ടുന്ന ഒരാളാണെന്ന് തോന്നുന്നു. എല്ലാവരുടെയും മുഖംമൂടി വലിച്ചുകീറിയ നിമിഷം. ആ മുറിയിലുള്ള മറ്റുള്ളവർക്ക് അയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയില്ല എന്നത് സത്യം പറഞ്ഞാൽ എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.’’– അഹാന കൃഷ്ണ കൂട്ടിച്ചേർത്തു.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു യൂട്യൂബർ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ യൂട്യൂബർ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു.
സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.