“എനിക്ക് മാധ്യമങ്ങളുടെ മുൻപിൽ വന്ന് ഇമോഷണൽ ഡ്രാമ കളിക്കേണ്ട ആവശ്യമില്ല. ചിലനേരങ്ങളിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല.”

നടനും സംവിധായകനുമായ ഭാഗ്യരാജ് മരിച്ചപ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ എത്താതിരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉർവശി. ഭാഗ്യരാജിന്റെ വീട്ടിലെത്തി അതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഒരു നിർബന്ധബുദ്ധിയല്ലേ എന്ന് അവർ ചോദിച്ചു. തന്റെ പ്രതികരണം എന്തായിരിക്കും എന്നത് എല്ലാവർക്കും അറിയാം. പക്ഷേ, അത് പൊതു ഇടത്തിൽ പ്രകടിപ്പിക്കാൻ തനിക്ക് താൽപര്യമില്ല. ഭാഗ്യരാജ് സാറിന്റെ ആത്മാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അതെല്ലാമറിയാം. തനിക്ക് അതുമതിയെന്നും ഉർവശി പറഞ്ഞു.
ഭാഗ്യരാജിന്റെ മരണത്തേക്കുറിച്ചറിഞ്ഞപ്പോൾ വ്യാജ വാർത്തയാണെന്നാണ് ആദ്യം വിചാരിച്ചതെന്ന് ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു. ഒരു സിനിമയുടെ സെറ്റിലിരിക്കുമ്പോൾ ഭാഗ്യരാജ് മരിച്ചെന്നും എന്താണ് പ്രതികരിക്കാനുള്ളതെന്നും ചോദിച്ച് ഒരു മാധ്യമത്തിൽനിന്ന് ഫോൺവന്നു. പേരൊന്നും മാറിപ്പോയില്ലല്ലോ എന്നാണ് താൻ അവരോട് ചോദിച്ചത്. അവരാണ് ഭാഗ്യരാജ് പ്രഭാതനടത്തത്തിന് പോയപ്പോൾ ഹൃദയാഘാതമുണ്ടായെന്ന് പറഞ്ഞത്. ഈ വാർത്ത കേട്ടതും തരിച്ചിരുന്നുപോയി. ഭാരതിരാജയ്ക്ക് തീരെ വയ്യാതിരുന്നതിനാൽ അദ്ദേഹം മരിച്ചപ്പോൾ ഇത്രവലിയ ആഘാതമുണ്ടായിരുന്നില്ലെന്നും ഉർവശി പറഞ്ഞു.
"ഞാൻ ഏതു കഥാപാത്രം ചെയ്താലും അദ്ദേഹത്തെ ഓർക്കും. എത്ര അനായാസമാ യിട്ടാണ് ഞാൻ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുന്നത് എന്നുപറയുമ്പോൾ ഞാനോർക്കുക അദ്ദേഹത്തെയാണ്. എനിക്കു ലഭിച്ച ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. അതെന്റെ കഴിവുകൊണ്ട് കിട്ടിയതാണെന്ന് എനിക്കുതോന്നാറില്ല. കാരണം, ഭാഗ്യരാജ് സർ അതുപോലെ എനിക്കു വേണ്ടി അധ്വാനിച്ചിട്ടുണ്ട്. സാരിയുടുത്ത് എങ്ങനെ നടക്കണം എന്നുവരെ പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്.
എനിക്ക് മാധ്യമങ്ങളുടെ മുൻപിൽ വന്ന് ഇമോഷണൽ ഡ്രാമ കളിക്കേണ്ട ആവശ്യമില്ല. ചിലനേരങ്ങളിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. ഞാനെപ്പോഴും ചിരിച്ചു സംസാരിക്കുന്നതാണ് സാറിന് ഇഷ്ടം. ഞാൻ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. എന്റെ മനസ്സിൽ നല്ല ഊർജ്ജസ്വലനായ സാറിന്റെ മുഖമാണ് ഉള്ളത്. നല്ല കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് അഴകോടെ ഇരിക്കുന്ന മുഖം. അത് അങ്ങനെതന്നെ ഇരിക്കട്ടെ!
ഞാൻ ഭാഗ്യരാജ് സാറിനെ അവസാനമായി കാണാൻ പോകാതിരുന്നതിൽ എന്റെ ഭർത്താവ് എന്നോടു ദേഷ്യപ്പെട്ടു. ഞാൻ പറയുന്നത് ആർക്കും മനസ്സിലാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ ആളുകൾ തെറ്റിദ്ധരിക്കും എന്നു പറഞ്ഞു. പക്ഷേ, ആളുകൾ എന്തും വിചാരിച്ചോട്ടെ, എനിക്ക് അദ്ദേഹത്തെ അങ്ങനെ കാണാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. എന്റെ സാറിന് എന്നെ അറിയാം, പൂർണിമയ്ക്ക് എന്നെ അറിയാം എന്നാണ് ഞാൻ പറഞ്ഞത്. എന്റെ മാനേജർ അണ്ണൻ എന്നോട് പറഞ്ഞു, ഒന്ന് അവിടം വരെ പോകൂ. പുറത്തേക്ക് ഇറങ്ങണ്ട... അകത്തു തന്നെ ഇരുന്നാൽ മതിയെന്നും പറഞ്ഞു. പക്ഷേ, സിസിടിവി ക്യാമറ പോലെ അവിടം നിറയെ ക്യാമറകളുണ്ടാകും എന്ന് എനിക്ക് അറിയാം. അതു നേരിടാൻ എനിക്ക് കഴിയില്ല. ഞാൻ അന്ന് ഒരു വാർത്തയും കണ്ടില്ല." ഉർവശി കൂട്ടിച്ചേർത്തു.
ഭാഗ്യരാജ് സംവിധാനംചെയ്ത മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലാണ് ഉർവശി ആദ്യം നായികയായി അഭിനയിച്ചത്. 1983-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഭാഗ്യരാജ് തന്നെയായിരുന്നു നായകൻ. ഇക്കഴിഞ്ഞ ജൂൺ 27-നായിരുന്നു ഭാഗ്യരാജ് അന്തരിച്ചത്.
Content Highlights: Legendary actress Urvashi has opened up about her decision to skip the funeral of her mentor and iconic Tamil filmmaker-actor K. Bhagyaraj, who passed away following a sudden cardiac arrest on June 27, 2026. Speaking in an exclusive, deeply emotional interview with Galatta Plus, Urvashi hit back at critics, explaining that her grief is intensely private and that she refused to transform her profound personal loss into a media spectacle for standing flashbulbs.
Published: 07 Jul 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented