ചെന്നൈ: കുടുംബചിത്രങ്ങളിലൂടെ പ്രക്ഷേകരുടെ മനം കവർന്ന സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജ് ഇനി ഓർമ്മ. തമിഴ്‌നാട് സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച ഉച്ചയ്ക്ക് ചെന്നൈ ബസന്റ് നഗർ വൈദ്യുത ശ്മശാനത്തിൽ ഭാഗ്യരാജിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. മകൻ ശന്തനുവാണ് പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചത്. തമിഴ്‌നാട് സർക്കാരിനുവേണ്ടി മന്ത്രിമാരായ എൻ. ആനന്ദ്, രാജ്‌മോഹൻ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

To advertise here,

നുംഗംപാക്കത്തെ വസതിയിലെ പൊതുദർശനത്തിനുശേഷം വിലാപ യാത്രയായാണ് ഭൗതികശരീരം ശ്മശാനത്തിലേക്കു കൊണ്ടുപോയത്. അഭിനേതാക്കളായ പാർഥിപനും ശരത് കുമാറും കുടുംബത്തോടൊപ്പം വിലാപയാത്രയെ അനുഗമിച്ചു. പൂക്കൾ വർഷിച്ച്, കൈകൂപ്പി, കണ്ണീർവാർത്ത് വഴിയോരങ്ങളിൽ ആരാധകരും പൊതുജനങ്ങളും വികാരഭരിതമായി ഭാഗ്യരാജിന് വിട നൽകി. തമിഴ് സിനിമാ മേഖലയ്ക്കു നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് ഗൺ സല്യൂട്ട് ഉൾപ്പെടെ സർക്കാരിന്റെ ഔദ്യോഗിക ആദരം നൽകിയശേഷം ഭാഗ്യരാജിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.

ഒട്ടേറെ താരങ്ങളും സിനിമാ പ്രവർത്തകരും വസതിയിലെത്തി ഭാഗ്യരാജിന് അന്ത്യോപചാരമർപ്പിച്ചു. തിരക്കുകൾക്കിടയിലും അഞ്ജലിയർപ്പിക്കാൻ മമ്മൂട്ടി ചെന്നൈയിലെത്തി ഭാഗ്യരാജിന്റെ ഭാര്യയും നടിയുമായ പൂർണിമയെ ആശ്വസിപ്പിച്ചു. നടൻ ദീലീപ്, ജയറാം, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെ മലയാള സിനിമാരംഗത്തുനിന്ന് ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

നയൻതാര, തൃഷ, കീർത്തി സുരേഷ്, സുഹാസിനി, അംബിക, നളിനി, സുമലത, ഖുശ്ബു, രാധികാ ശരത്കുമാർ തുടങ്ങിയവർ ഭാഗ്യരാജിനെ അവസാനമായി കാണാനെത്തി. മുഖ്യമന്ത്രി ജോസഫ് വിജയ്, മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, രജനീകാന്ത്, കമൽഹാസൻ, വിക്രം, ധനുഷ് തുടങ്ങിയവർ നേരത്തേ വീട്ടിലെത്തി കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് 73-കാരനായ ഭാഗ്യരാജ് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ അന്തരിച്ചത്.

മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് ശരത്കുമാർ

ചെന്നൈ: സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ സംസ്‌കാരച്ചടങ്ങ് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും നടത്താൻ സഹായിച്ചതിന് തമിഴ്നാട് സർക്കാരിനും മുഖ്യമന്ത്രി ജോസഫ് വിജയ്‌യിനും നടൻ ശരത്കുമാർ നന്ദി അറിയിച്ചു. ‘സംസ്‌കാരച്ചടങ്ങിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനും തുടക്കംമുതൽ അവസാനംവരെ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയതിനും പ്രത്യേകം നന്ദി’ -ശരത് കുമാർ പറഞ്ഞു.