മുംബൈയിൽ കാർ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി നിമിഷാ നായർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും നിമിഷ പോസ്റ്റ് ചെയ്തു. മുംബൈ പോലീസിനെ അവർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

To advertise here,

ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. നിമിഷ ടാക്‌സിയിൽ സഞ്ചരിക്കവെ ഡ്രൈവർ ഒരു സ്‌കൂട്ടറിനെ മറികടന്നു. ഇതോടെ സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും നിമിഷ സഞ്ചരിച്ച ടാക്‌സിയെ പിന്തുടരാൻ തുടങ്ങി. പുലർച്ചെ നാലരയോടെയായിരുന്നു സംഭവമെന്ന് നിമിഷ പറയുന്നു.

'ഖേർവാഡി ഫ്‌ളൈ ഓവറിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മദ്യപിച്ചതെന്ന് തോന്നിക്കുന്ന രണ്ടുപേർ, അക്രമികളായ ഗുണ്ടകൾ, അവരുടെ വാഹനത്തെ മറികടന്നതിന് എന്റെ ഊബർ ഡ്രൈവറെ 'ഒരു പാഠം' പഠിപ്പിക്കാൻ തീരുമാനിച്ചു. ഡബ്ല്യുഇഎച്ചിൽ (വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ) നിറയെ ക്യാമറകളുണ്ട്. അവയിൽ ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.' -നിമിഷ പറഞ്ഞു.

'നോൺ-സ്‌റ്റോപ്പ് ഹൈവേയിൽ വെച്ച് അവർ ഞങ്ങളുടെ വാഹനം തടഞ്ഞു. ഹൈവേയുടെ നടുവിൽ ഞങ്ങളുടെ കാറിന് മുന്നിൽ അവർ സ്‌കൂട്ടർ നിർത്തി എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തോട് വളരെ മോശം ഭാഷയിൽ ചീത്തപറഞ്ഞു. ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും എന്നോട് വിൻഡോ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുകയും ചെയ്തു.' -നിമിഷ തുടർന്നു.

'എന്നാൽ ഞങ്ങളുടെ സുരക്ഷയെ കരുതി ഞങ്ങൾ അതൊന്നും ചെയ്തില്ല. കാരണം അവർ ഡ്രൈവറെ അടിക്കാനാണ് വന്നതെന്ന് ഞങ്ങൾക്ക് തീർച്ചയായിരുന്നു. ഹൈവേയുടെ നടുവിൽ, ഒരുപാട് പേർക്ക് മുന്നിലാണ് ഈ അക്രമം സംഭവിച്ചത്. ഞാൻ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടപ്പോഴാണ് അവർ പോയത്. പോകും മുമ്പ് അവർ കാറിന്റെ ചിത്രം പകർത്തി.' -നിമിഷാ നായർ പറഞ്ഞു.

ഇതാദ്യമായല്ല, നേരത്തേയും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും നിമിഷ പറഞ്ഞു. ഈ വർഷം ആദ്യമായിരുന്നു അത്. മുംബൈയിലെ കൊളാബയിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. ഇതിൽ താൻ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ ശേഷവും സുരക്ഷാകാര്യങ്ങളിൽ ഒരു മാറ്റവുമില്ലാത്തതിൽ താരം നിരാശ പ്രകടിപ്പിച്ചു. ഇപ്പോഴുണ്ടായ സംഭവത്തിലും നടപടിയുമായി മുന്നോട്ടുപോകുമെന്നും നിമിഷാ നായർ കൂട്ടിച്ചേർത്തു.