നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കാണ് യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്.
കുറ്റവാളികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച കോടതി അതിജീവിതയുടെ ജീവിതമോ പ്രായമോ പരിഗണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
‘’എന്തൊരു അനീതിയാണിത്? ഇതിന്റെ അർഥമെന്താണ്? അയാളുടെ പ്രായവും ജീവിതവും അമ്മയേക്കുറിച്ചുമൊക്കെ പരിഗണിക്കുന്നു. അതിജീവിതയ്ക്ക് അമ്മയുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. അനീതിയാണിത്. സഹിക്കാനാവുന്നില്ല.’’- ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രതികൾക്ക് മിനിമം തടവും മാക്സിമം പരിഗണനയുമാണെന്ന് നടി പാർവതി തിരുവോത്തും സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു. ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും പാർവതി കുറിച്ചു.
പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധിവരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
Content Highlights: Dubbing artist Bhagyalakshmi criticizes the actress assault case verdict
Published: 12 Dec 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented