വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ചതിന് പിന്നാലെ നടൻ വിക്രമിന്റെ റീൽ വിവാദത്തിൽ. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ മകളുടെ ഭർതൃപിതാവിനെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടൻ വിക്രം വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു.

To advertise here,

വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഞായറാഴ്ചയാണ് വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ, വിദേശ ഇനത്തിൽപ്പെട്ട മൃഗത്തെ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെ 24 മണിക്കൂറിനുള്ളിൽ വിക്രം റീൽ ഡിലീറ്റ് ചെയ്യുകയായിരുന്നു.

'ലാർ ഗിബ്ബൺ'വിഭാഗത്തിൽപ്പെട്ടതാണ് കുരങ്ങ്. വന്യജീവി കച്ചവടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ 'സൈറ്റ്‌സ്' (CITES), ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ ജീവിവർഗമാണിത്. ജൂണിൽ മണിപ്പൂരിൽ നിന്ന് വാങ്ങിയതാണ് കുരങ്ങെന്നാണ് റിപ്പോർട്ടുകൾ.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാകമെന്ന് സംശയം വനംവകുപ്പ് ഉന്നയിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

വീഡിയോ ഡിലീറ്റ് ചെയ്തതിന് പിന്നാലെ ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ യോഗൻ കുലാല, രംഗനാഥന്റെ വസതിയിലെത്തി അന്വേഷണം ആരംഭിച്ച വിവരം അറിയിച്ചു. ലാർ ഗിബ്ബണിനെ കൈവശം വെക്കുന്നതിന് അനുമതി അദ്ദേഹത്തിന് ഇല്ലെന്നാണ് വിവരം. വിഷയത്തിൽ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രമുഖ വ്യവസായ സ്ഥാപനമായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമാണ് സി.കെ. രംഗനാഥൻ. വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ് മനു രഞ്ജിത്തിന്റെ പിതാവാണ് അദ്ദേഹം.