
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ തെലുങ്ക് നടൻ ശിവാജി സോന്തിനേനി ശനിയാഴ്ച തെലങ്കാന സംസ്ഥാന വനിതാ കമ്മീഷനു മുന്നിൽ ഹാജരായി. കമ്മീഷൻ അധ്യക്ഷ നെരല്ല ശാരദയുടെ നേതൃത്വത്തിൽ നാല് മണിക്കൂറിലധികം നീണ്ട വിചാരണയ്ക്ക് ശേഷം, താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായും നിരുപാധികം ക്ഷമ ചോദിക്കുന്നതായും നടൻ അറിയിച്ചു.
നേരത്തെ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ രേഖാമൂലമുള്ള ക്ഷമാപണം സമർപ്പിച്ചിരിക്കുന്നത്. 'ദണ്ടോറ' എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ, നടത്തിയ നടന്റെ പ്രസ്താവനയാണ് വിവാദമായത്.
"ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല.”- എന്നായിരുന്നു നടന്റെ വാക്കുകൾ.
ഇതേത്തുടർന്ന് വനിതാ കമ്മീഷൻ നടന് സമൻസ് അയക്കുകയായിരുന്നു.
വിചാരണയ്ക്കിടെ കമ്മീഷൻ അധ്യക്ഷ ശിവാജിയുടെ ചിന്താഗതിയെ ശക്തമായി ചോദ്യം ചെയ്തു. കൊച്ചുകുട്ടികളും പ്രായമായ സ്ത്രീകളും പരമ്പരാഗത വസ്ത്രം ധരിക്കുന്നവർ പോലും പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അങ്ങനെയിരിക്കെ വസ്ത്രധാരണത്തെ എങ്ങനെ സുരക്ഷയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും അവർ ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും മൗലികാവകാശങ്ങളായ ഒരു സമൂഹത്തിൽ സദാചാര പോലീസിങിന് സ്ഥാനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കേണ്ടത് ഇവന്റ് ഓർഗനൈസർമാരുടെയും നിർമ്മാതാക്കളുടെയും ചുമതലയാണെന്നും അതിന്റെ ഉത്തരവാദിത്വം സ്ത്രീകളുടെ വസ്ത്രധാരണത്തിന്മേൽ അടിച്ചേൽപ്പിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.'കാസ്റ്റിംഗ് കൗച്ച്' പോലുള്ള ഗൗരവകരമായ പ്രശ്നങ്ങളിൽ ഇതേ രീതിയിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷൻ നടനോട് ചോദിച്ചു.
കമ്മീഷൻ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശിവാജി ഇനി മേലിൽ ഇത്തരം 'ഉപദേശങ്ങളുമായി' പൊതുവേദിയിൽ വരില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. "നല്ല ഉപദേശമാണെങ്കിൽ പോലും അത് നൽകുന്നത് നിർത്തണമെന്നാണ് എനിക്ക് മനസ്സിലായത്. ബാക്കി കാര്യങ്ങൾ പിന്നീട് വിശദീകരിക്കാം. തൽക്കാലം ഇത് ഇവിടെ അവസാനിക്കട്ടെ,"- ശിവാജി പറഞ്ഞു.
തന്റെ ഭാവി സിനിമകളിൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സ്ത്രീകളെ ബഹുമാനിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ശിവാജിയുടെ പരാമർശത്തിനെതിരെ തെലുങ്ക് സിനിമയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു.
ശിവാജിയുടെ ഭാഷ അങ്ങേയറ്റം ആക്ഷേപകരമാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. കുറ്റവാളികളുടെ മാനസികാവസ്ഥ മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ സ്ത്രീകളെ നിയന്ത്രിക്കാനല്ലെന്നും പ്രകാശ് രാജ് ഓർമ്മിപ്പിച്ചു.
"പെൺകുട്ടികൾ എന്ത് ധരിക്കണമെന്ന് പറയാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?" എന്ന് ജനസേന നേതാവും നടനുമായ നാഗബാബു ചോദിച്ചു. പുരുഷന്മാരുടെ ക്രൂരതയും പുരുഷാധിപത്യ മനോഭാവവുമാണ് കുറ്റകൃത്യങ്ങൾക്ക് കാരണമെന്നും ആധുനിക വസ്ത്രധാരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിരഞ്ജീവിയുടേയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റേയും സഹോദരനാണ് നാഗബാബു.
ഇനി മേലിൽ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
Content Highlights: Actor Shivaji appeared before the Telangana State Women`s Commission and apologized for his controversial remarks on women`s clothing. Read the details.
Published: 27 Dec 2025, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented