ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിന്‍റെ ആരാധകര്‍ ഇന്ന് ലോകം മുഴുവന്‍ ആഘോഷത്തിലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും പ്രഭാസ് പൊതുവേ നാണം കുണുങ്ങിയും അന്തർമുഖനുമാണ്. സിനിമ ചിത്രീകരണത്തിനല്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പ്രഭാസിന് പൊതുവേ വലിയ നാണമാണ്. ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ കല്‍ക്കിയുടെ പല പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ലജ്ജയോടെ ഇരിക്കുന്ന പ്രഭാസിനെ കാണാന്‍ കഴിയും.
സിനിമാ ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ തന്‍റേതായ ഇടങ്ങളില്‍ ഏകാന്തമായി ഇരിക്കാനാണ് പ്രഭാസ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഭക്ഷണപ്രിയനായ പ്രഭാസിന്റെ ബിരിയാണിക്കമ്പം സിനിമാലോകത്ത് എല്ലാർക്കും അറിയാം. തന്‍റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. നടൻ സൂര്യയും, കല്‍ക്കിയിലെ സഹതാരം ദീപിക പദുകോണുമെല്ലാം പ്രഭാസ് ഭക്ഷണം ഊട്ടിക്കുന്നതിന്‍റെ അനവധി കഥകള്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കൾ തന്റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്.
കല്‍ക്കിയുടെ ഐതിഹാസിക വിജയത്തിലൂടെ പ്രഭാസ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള താരമായി മാറിക്കഴിഞ്ഞു. 1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് ഉപ്പളപ്പട്ടി വെങ്കിട് സത്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസ്. ഭീമാവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർഗങ്ങളും തേടി തുടങ്ങി.
2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരാന്‍ജീ സംവിധാനം ചെയ്ത 'ഈശ്വർ' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് സിനിമയിലേക്കുള്ള തന്‍റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായിക. അവിടുന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും അഖിലേന്ത്യാതലത്തിൽ താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയ താരമാക്കി.
പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്‍റെ 6 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ആരാധകര്‍ക്കുവേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി, ഛത്രപതി, റിബല്‍, ഈശ്വര്‍, സലാര്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. വമ്പന്‍ സിനിമാ പദ്ധതികളാണ് പ്രഭാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രശാന്ത് നീല്‍ ഒരുക്കി വന്‍ വിജയമായ സലാറിന്‍റെ രണ്ടാംഭാഗം സലാര്‍2: ശൗര്യാംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയവയാണ് താരത്തിന്‍റേതായി ഉടന്‍ തിയേറ്ററുകളില്‍ എത്തുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറര്‍ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍.
പ്രഭാസിന്‍റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കല്‍ക്കിയുടേത്. താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്‍റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്‍റെ തുടക്കമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്
Content Highlights: Prabhas, the Indian cinema superstar known for his role in `Baahubali`, celebrates his 45th birthday
Published: 23 Oct 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented