മാരുതിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ രാജാസാബ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിധി അഗർവാൾ, റിദ്ധി കുമാർ, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രഭാസിനെക്കുറിച്ച് നിധി അഗർവാൾ പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രഭാസിനെ 'ഡാർലിങ്' എന്നു വിശേഷിപ്പിച്ച അവർ അദ്ദേഹത്തിന്റേത് ആകർഷണം തോന്നുന്ന വ്യക്തിത്വമാണെന്നും പറഞ്ഞു.

To advertise here,

ആളുകളോട് ദയയോടെ പെരുമാറുന്നയാളാണ് പ്രഭാസെന്ന് ഇന്ത്യാ ടുഡേയോട് സംസാരിക്കവേ നിധി അഗർവാൾ പറഞ്ഞു. ഒരു ഡാർലിങ് ആണെന്നും ആകർഷണം തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ആളുകൾ പറയുന്നത് സത്യമാണെന്നാണ് തോന്നുന്നത്. പ്രഭാസ് വളരെ നിശ്ശബ്ദനായിരുന്നു. തനിക്ക് അറിയാവുന്നവരുമായോ സൗകര്യമുള്ളവരുമായോ മാത്രമേ പ്രഭാസ് സംസാരിക്കാറുള്ളൂവെന്നും ആളുകൾ പറയുന്നത് സത്യമാണെന്നും അവർ പറഞ്ഞു.

"നിങ്ങൾ അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങിയാൽ, നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്ന ഏറ്റവും മധുരമുള്ള, ഏറ്റവും തുറന്ന മനസുള്ള വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്ന് മനസിലാവും. ആളുകൾ ആദ്യം കരുതുന്നതുപോലെയല്ല അദ്ദേഹം. അദ്ദേഹം അല്പം ലജ്ജാശീലനും സെലക്ടീവുമാണ്. പ്രഭാസ് വളരെ ഉൾവലിയുന്നയാളാണ്. അത് വളരെ നല്ലതാണെന്നും ഞാൻ കരുതുന്നു. അദ്ദേഹം എങ്ങനെയായിരിക്കുന്നോ ആ കാര്യത്തിൽ പരിപൂർണനുമാണ്." നിധി വിശേഷിപ്പിച്ചു.

അടുത്തിടെ, നിധി ഇൻസ്റ്റാഗ്രാമിൽ പ്രഭാസിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. 'ഇതൊരു AI അല്ല' എന്ന അടിക്കുറിപ്പോടെയാണ് നിധി ഈ ചിത്രം പങ്കുവെച്ചത്.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വ പ്രസാദ് നിർമിച്ച 'ദി രാജാ സാബി'ൽ സഞ്ജയ് ദത്ത്, ബോമൻ ഇറാനി, സെറീന വഹാബ് തുടങ്ങിയവരും അഭിനയിക്കുന്നു. 'ചിത്രം ജനുവരി 9-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തു.