നടൻ പ്രഭാസ് നായകനായി എത്തിയ ഹൊറർ കോമഡി ചിത്രം ദി രാജാ സാബ പുറത്തിറങ്ങി വെറും ഒരു ദിവസത്തിനുള്ളിൽ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹൈദരാബാദ് സൈബർ ക്രൈം പോലീസ് പൈറസി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. ഇതിനിടയിൽ, അമേരിക്കയിലെ ഒഹായോയിലുള്ള ഒരു റസ്റ്ററന്റിൽ സിനിമയുടെ വ്യാജ പതിപ്പ് ടിവിയിൽ പ്രദർശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

To advertise here,

സംഭവത്തിന്റെ വീഡിയോ ഒരു ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. പൈറസി ഭീഷണി നിലനിൽക്കുമ്പോഴും ചിത്രം രണ്ട് ദിവസത്തിനുള്ളിൽ അമേരിക്കയിൽ മാത്രം 2 മില്യൺ ഡോളർ കളക്ഷൻ നേടിയതായി വിതരണക്കാരായ പ്രത്യംഗിര സിനിമാസ് അറിയിച്ചു. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 138.30 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി.

പൈറസി വെബ്‌സൈറ്റുകളായ 5movierulz, 1tamilmv എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന നവീൻ എന്ന വ്യക്തിയെക്കുറിച്ച് ഹൈദരാബാദ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് പ്രവർത്തിക്കുന്ന ഇയാൾ തമിഴ് വംശജനാണെന്നാണ് സംശയിക്കുന്നത്. ദി രാജാ സാബ് കൂടാതെ ധുരന്ധർ എന്ന ചിത്രവും ഇത്തരം വെബ്‌സൈറ്റുകളിൽ അനധികൃതമായി സ്ട്രീം ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ ചിത്രമാണ് രാജാസാബ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. പ്രതി റോജു പണ്ഡഗെ, മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ രാജാ സാബ്.