13 വര്‍ഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ട്രാക്കിലെ വിജയത്തോടെ താരം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

To advertise here,

അജിതിന്റെ വിജയം നേരില്‍ കാണാനായി ഭാര്യയും നടിയുമായ ശാലിനിയും മകള്‍ അനൗഷ്‌കയും ദുബായിലെത്തിയിരുന്നു. ഇവരോടൊപ്പം അജിതിന്റെ അടുത്ത സുഹൃത്തും നടനുമായ മാധവനുമുണ്ടായിരുന്നു.  അജിതിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു.
 
'നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ് നിങ്ങള്‍. ഒരേയൊരു അജിത് കുമാര്‍' എന്നാണ് മാധവന്‍ കുറിച്ചത്. അജിതിന് പിന്തുണയുമായെത്തിയ ആരാധകര്‍ക്കും മാധവന്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍ പതാക പിടിച്ചു നില്‍ക്കുന്ന അജിതിനെ ആശ്ലേഷിക്കുന്ന വീഡിയോയും മാധവന്‍ പങ്കുവെച്ചു. 

അജിതിന്റെ പ്രകടനം കാണാനെത്തിയ ശാലിനിയുടേയും മകളുടേയും വീഡിയോയും മാധവന്‍ പോസ്റ്റ് ചെയ്തു. മൂന്നാം സ്ഥാനം അജിത് കുമാറിനെന്ന് അനൗണ്‍സ് ചെയ്യുന്നതും എല്ലാവരും ആവേശത്തോടെ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം പറയുന്നതുപോലെ അദ്ദേഹത്തിന്റെ സ്വപ്‌നം സഫലമായി എന്നാണ് ഇതിന് മാധവന്‍ ക്യാപ്ഷന്‍ നല്‍കിയത്.

ഈ വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് കമന്റ് ചെയ്തത്. എല്ലാവരും സ്വപ്‌നം കാണുന്ന സൗഹൃദമാണ് ഇതെന്നും ഈ നിമിഷം പകര്‍ത്തിയതിന് ഒരുപാട് നന്ദിയെന്നും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പേളി മാണി കുറിച്ചു. താരങ്ങള്‍ തമ്മിലുള്ള സൗഹൃദം എങ്ങനെയാണെന്ന് മനസിലാക്കാനുള്ള അവസരമാണിതെന്നും ഒരു ആരാധകന്‍ കുറിച്ചു.

നേരത്തേ റേസിങ് പരിശീലനത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടത്. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു. അതിവേഗത്തില്‍ ചീറിപ്പായുമ്പോള്‍ കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കി.

2002ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. 

പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, 'അജിത് കുമാര്‍ റേസിങ്' എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.