
മാള: ‘‘ബോർഡിൽ രണ്ടാം കൃതി സമവാക്യം എഴുതിയ ശേഷം ലേശം അഹങ്കാരത്തോടെ ഓരോ വശവും ചെരിഞ്ഞ് എന്നെ കണ്ടാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെയില്ലേ എന്ന പോലൊരു നോട്ടം. ട്യൂഷൻ ക്ലാസിൽ പഠിച്ചശേഷം സ്കൂളിലെത്തി അനായാസം ബോർഡിലെഴുതിയ ശേഷമുള്ള അഭിനയമാണ്. ശരിയല്ലേ, ഞാൻ പറഞ്ഞത്’’- സരസു ടീച്ചർ ചോദിച്ചപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ ജോജു ജോർജ് വേദിയിലിരുന്ന് തലയാട്ടി എല്ലാം സമ്മതിച്ചു.
‘‘കണക്കുകൾ മനഃപാഠമാക്കി അവതരിപ്പിക്കാനുള്ള കഴിവ് ജോജുവിന് എന്നും ഉണ്ടായിരുന്നു. ആ കണക്കുകൂട്ടലാണ് ഇന്നത്തെ മികച്ച നടനിലും കാണുന്നത്’’- പഴയ ട്യൂഷൻ ടീച്ചറും ഇന്നത്തെ മികച്ച അധ്യാപികയുമായ കെ.എസ്. സരസു പ്രിയ ശിഷ്യനെക്കുറിച്ചുള്ള ഓർമകളിലേക്ക് മടങ്ങി. 'ഉദാഹരണം സുജാത'യിൽ അതേ കണക്ക് എഴുതുന്ന അധ്യാപകനായി ശിഷ്യനെത്തിയതിനെക്കുറിച്ച് അധ്യാപിക പറഞ്ഞപ്പോൾ ജോജുവിന്റെ മനസ്സിലും ഓർമകൾ നിറഞ്ഞു.
കുഴൂർ ഗവ. ഹൈസ്കൂളിലെ 1994 എസ്.എസ്.എൽ.സി. ബാച്ച് കുടുംബ സംഗമത്തിലേക്ക് അവിചാരിതമായാണ് നടൻ ജോജു ജോർജ് എത്തിയത്. കൂട്ടുകാരെ കാണാനും സൗഹൃദം പങ്കിടാനുമെത്തിയതാണദ്ദേഹം. സംഗമത്തിൽവെച്ചാണ് സ്കൂളിലെ ഇപ്പോഴത്തെ പ്രധാനാധ്യാപികയും ഇത്തവണത്തെ സംസ്ഥാനത്തെ മികച്ച അധ്യാപകരിലൊരാളുമായ കെ.എസ്. സരസു ജോജുവിന്റെ പഠനകാലം ഓർത്തത്.
ഒരേ വർഷം സംസ്ഥാന അവാർഡ് നേടിയ ഗുരുവും ശിഷ്യനും പരസ്പരം ആദരിച്ച ചടങ്ങ് കൂടിയായി പൂർവവിദ്യാർഥി സംഗമം. പഴയ വിദ്യാലയത്തിലെത്തിയ ജോജു ഒരു മണിക്കൂറോളം അധ്യാപകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിച്ചു.
Content Highlights: actor joju george and his teacher met in an alumni meet, sarasu teacher about actor joju george
Published: 01 Sept 2023, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented