സഹോദരൻ സുനിൽ ​ഗ്രോവ‍ർ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അതേ ദിവസം 'ഡങ്കി' സിനിമയ്ക്കായി ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ അനുഭവം പങ്കുവെച്ച് നടൻ അനിൽ ​ഗ്രോവർ. തനിക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതിരുന്ന ദിവസത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. 

To advertise here,

'ജനുവരി 27-ന് സുനിലിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന അതേ ​ദിവസമായിരുന്നു ഷാരൂഖ് സാറുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരുന്നു അത്. കൂടിക്കാഴ്ചയ്ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആദ്യം പ്രയാസപ്പെട്ടു. പക്ഷേ സുനിലിനോട് സംസാരിച്ചതോടെ എനിക്ക് ആത്മവിശ്വാസവും ധെെര്യവും ലഭിച്ചു', അനിൽ ​ഗ്രോവർ പറഞ്ഞു

കൂടിക്കാഴ്ച്ച നന്നായി വരാൻ സഹോദരൻ ആശിർവദിച്ചുവെന്നും അനിൽ പറഞ്ഞു. സഹോദരന് ശസ്ത്രക്രിയയുള്ള കാര്യം ഷാരൂഖ് ഖാനോ സംവിധായകൻ രാജ് കുമാർ ഹിരാനിയോ അറിഞ്ഞിരുന്നില്ലെന്നും താൻ അസ്വസ്ഥനായിരുന്നുവെന്ന് അവർക്ക് തോന്നിക്കാണുമെന്നും താരം കൂട്ടിച്ചേർത്തു.

2022-ലാണ് നടനും ഹാസ്യതാരവുമായ സുനിൽ ​ഗ്രോവ‍റിന് ഹൃദയാഘാതം ഉണ്ടാവുന്നതും ശസ്ത്രക്രിയക്ക് വിധേയനാകുന്നതും. ഫെബ്രുവരി മൂന്നിന് താരം ആശുപത്രി വിട്ടു. ഷാരൂഖിന്റെ തന്നെ 'ജവാനി'ലാണ് സുനിൽ അവസാനമായി അഭിനയിച്ചത്. ഷാരൂഖിനൊപ്പം ഡങ്കിയിലാണ് അനിൽ ​ഗ്രോവർ ഒടുവിലായി വേഷമിട്ടത്.