ബോക്സോഫീസിൽ പോരടിച്ച് പ്രഭാസ് നായകനായെത്തിയ സലാറും ഷാരൂഖ് ചിത്രം ഡങ്കിയും. ഇരുചിത്രങ്ങളും ഭേദപ്പെട്ട പ്രകടനമാണ് ബോക്സോഫീസിൽ നടത്തുന്നത്. കൂട്ടത്തിൽ സലാറാണ് ആ​ഗോളകലക്ഷന്റെ കാര്യത്തിൽ മുന്നിൽ. 

To advertise here,

പ്രശാന്ത് നീൽ ഒരുക്കിയ സലാർ മൂന്ന് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ 300 കോടി ക്ലബ്ബിലെത്തിയിരുന്നു. ആദ്യ രണ്ടു​ദിനങ്ങൾ കൊണ്ടുമാത്രം ആഗോളതലത്തില്‍ ചിത്രത്തിന്റെ വരുമാനം 295.7 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്കുകൾ. 

കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസായ ചിത്രത്തില്‍ വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിന്‍ഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം. രവി ബസ്രുര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്. 

ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിരാനി ഒരുക്കിയ 'ഡങ്കി' 200 കോടി ക്ലബ്ബിനോട് അടുക്കുകയാണ്. 198 കോടിയാണ് റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആ​ഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് ഡങ്കിയുടെ നിർമാണം.