ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയതിനു ശേഷം രാജേഷിന്റെ ആരോഗ്യം മെച്ചമാവുന്നുണ്ടെന്ന് പ്രതാപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാജേഷ് ഇപ്പോഴും കിടപ്പിലാണ്. തെറാപ്പിയുടെ ഭാഗമായി എഴുന്നേൽപിച്ചു നിർത്തുന്നുണ്ട്. അതിന്റെ സമയവും കൂട്ടി വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്. ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുകയാണ്. ഒരു മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതിയെന്നും അദ്ദേഹം കുറിച്ചു.

To advertise here,

പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങൾ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓൺലൈനിൽ കണ്ടല്ലോ? ഓ.കെ ആയോ? ചോദ്യങ്ങൾ നിരവധിയാണ്, ഞാൻ ചില ജോലികളുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പലരോടും റിപ്ലൈ ചെയ്യാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇന്നലെ ശ്രീ സുരേഷ് ഗോപിയുടെ പിറന്നാൾ ആയിരുന്നു. കുറെ വർഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്‌തമംഗലത്തെ വീട്ടിൽ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്, ഇത്തവണ പോകുമ്പോൾ അവന്റെ കാര്യമാണ് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയിൽ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും,അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് ശ്രീ സുരേഷ് ഗോപി തന്നെയാണ്.

രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു. വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തു വീട്ടിൽ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്. ഇടയ്ക്ക് ഉണ്ടാകുന്ന പനി, infection ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികൾ കൊടുക്കാൻ പറ്റുന്നത് Health Condition Better ആകുമ്പോൾ മാത്രമാണ്.

അവൻ കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിർത്തുന്നുണ്ട്, അതിന്റെ സമയവും extend ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശരിയല്ലെങ്കിൽ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം ശ്രീ രമേഷ് പിഷാരടി വിളിച്ചിരുന്നു... മമ്മുക്കയുടെയും ചാക്കോച്ചന്റെയും മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകൾക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട്‌ സ്വരൂപിക്കാനുള്ള ഒരു ചർച്ചയും നടന്നു.

എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ രാജേഷിന്റെ കുടുംബവും, കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്. ഓഫീസിലെ പഴയ സുഹൃത്തുക്കൾ, കോളേജിലെ സഹപാഠികൾ ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നുണ്ട്.വേറെയും ചില നല്ല മനസ്സുകൾ രാജേഷിനെ സന്ദർശിക്കാറുണ്ട്. പഴയ ഓർമ്മകൾ മാത്രമാണ് ഞങ്ങൾക്ക് അവനോടു ഷെയർ ചെയ്യാനുള്ളൂ. രാജേഷ് ഓൺലൈൻ വരാനുള്ള സമയം ആയിട്ടില്ല.

അവൻ തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉണ്ടായാൽ മതി, ഒരു മിറാക്കിൾ ഉണ്ടാവാൻ. ആ കാത്തിരിപ്പിലാണ് ഞാനും.

രാജേഷ് കേശവിന് സംഭവിച്ചത്

കഴിഞ്ഞവർഷം സെപ്റ്റംബർ ആദ്യമാണ് ഒരു പരിപാടിക്കിടെ രാജേഷ് കേശവ് കുഴഞ്ഞുവീണത്. രാജേഷിനെ ഉടൻ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടൻ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റി. ആറുമാസത്തെ ചികിത്സയ്ക്കുശേഷം ഈ വർഷം ഏപ്രിലിൽ തിരുവനന്തപുരത്തെത്തിച്ചു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും അവതാരകനായാണ് രാജേഷ് ശ്രദ്ധനേടിയത്. പിന്നീട് വിവിധ സിനിമകളിൽ അഭിനയിച്ചു. 'ബ്യൂട്ടിഫുൾ', 'ട്രിവാൻഡ്രം ലോഡ്ജ്', 'ഹോട്ടൽ കാലിഫോർണിയ', 'നീന', 'തട്ടുംപുറത്ത് അച്യുതൻ' എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.