25 വര്‍ഷത്തെ കരിയറില്‍ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മികച്ച നടനുള്ള പുരസ്‌കാരം ഇതവരെ അഭിഷേകിനെ തേടിയെത്തിയിരുന്നില്ല.

അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് | File Photo - UNI
മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി ലഭിച്ചതിന് പിന്നാലെ വികാരാധീനനായി നടന്‍ അഭിഷേക് ബച്ചന്‍. അവാര്‍ഡ് തന്റെ സ്വപ്‌നമായിരുന്നുവെന്നും ഭാര്യ ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും ത്യാഗങ്ങളാണ് തന്റെ നേട്ടത്തിന് പിന്നിലെന്നും അവാര്‍ഡ് സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
'ഈ വര്‍ഷം സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതൊരു സ്വപ്നമായിരുന്നു. ഞാന്‍ ശരിക്കും വിനയാന്വിതനും വികാരാധീനനുമാണ്. എന്റെ കുടുംബത്തിന്റെ മുന്നില്‍വെച്ച് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞു എന്നത് അതിനെ കൂടുതല്‍ സവിശേഷമാക്കുന്നു. എനിക്ക് ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്' - അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ 25 വര്‍ഷമായി എന്നോടൊപ്പം പ്രവര്‍ത്തിച്ച, എന്നില്‍ വിശ്വസിച്ച, എനിക്ക് അവസരങ്ങള്‍ നല്‍കിയ എല്ലാ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നന്ദി. ഇത് എളുപ്പമായിരുന്നില്ല, പക്ഷേ തീര്‍ച്ചയായും വിലപ്പെട്ടതാണ്. സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ അനുവദിച്ചതിന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും നന്ദി. അവരുടെ ത്യാഗങ്ങളാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. രണ്ട് വിശിഷ്ട വ്യക്തികള്‍ക്കായി ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ ഒരു അച്ഛനെയും മകളെയും കുറിച്ചുള്ളതാണ്. എന്റെ ഹീറോയായ എന്റെ അച്ഛനും എന്റെ മറ്റൊരു ഹീറോയായ എന്റെ മകള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു. വളരെയധികം നന്ദി. ഇത് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷത്തെ കരിയറില്‍ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മികച്ച നടനുള്ള പുരസ്‌കാരം ഇതവരെ അഭിഷേകിനെ തേടിയെത്തിയിരുന്നില്ല. 2024-ല്‍ പുറത്തിറങ്ങിയ 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.
ഈ ചിത്രത്തില്‍ തന്റെ മകളുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന മാരകരോഗം ബാധിച്ച ഒരച്ഛനായാണ് അഭിഷേക് അഭിനയിക്കുന്നത്. 'വിക്കി ഡോണര്‍', 'സര്‍ദാര്‍ ഉദ്ധം', 'ഒക്ടോബര്‍', 'പികു' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ക്കൊപ്പമുള്ള നടന്റെ ആദ്യ ചിത്രമാണിത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ ജയന്ത് കൃപ്ലാനി, അഹല്യ ബാംറൂ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, സോനം ബജ്വ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം 'ഹൗസ്ഫുള്‍ 5' എന്ന കോമഡി ചിത്രത്തിലാണ് അഭിഷേക് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പം 'കിംഗ്' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.
Content Highlights: Abhishek Bachchan emotional after winning his first Filmfare Best Actor award for `I Want To Talk` after 25 years. A heartfelt speech dedicated to family.
Published: 13 Oct 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented